'ഒരു പെണ്‍കുട്ടിയെ പിച്ചിച്ചീന്തിയവനാണ്, എന്റെ ശരീരം വിറയ്ക്കുന്നു; എത്രയും പെട്ടെന്ന് അവനെ പിടിക്കണം'; ഗോവിന്ദ ചാമിയുടെ ജയില്‍ ചാട്ട വാര്‍ത്ത അറിഞ്ഞ് ഞെട്ടിത്തരിച്ച് സൗമ്യയുടെ അമ്മ; ജയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നും മാതാവ്
എന്റെ ശരീരം വിറയ്ക്കുന്നു; ഗോവിന്ദ ചാമിയുടെ ജയില്‍ ചാട്ടത്തില്‍ പ്രതികരിച്ച് സൗമ്യയുടെ അമ്മ
കണ്ണൂര്‍: സൗമ്യാ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടിയതറിഞ്ഞ് ഞെട്ടി വിറച്ച് സൗമ്യയുടെ അമ്മ. ഇത്രയും വലിയ ജയില്‍ ഇവനെങ്ങനെ ചാടി? തന്റെ ശരീരം വിറയ്ക്കുന്നുവെന്നും എത്രയും പെട്ടെന്ന് അവനെ പിടിക്കണമെന്നും സൗമ്യയുടെ അമ്മ പ്രതികരിച്ചു. പുറത്ത് നിന്ന് സഹായം ലഭിക്കാതെ ജയില്‍ ചാടാന്‍ കഴിയില്ലെന്നും ജയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നും അമ്മ കുറ്റപ്പെടുത്തി.
ബന്ധുക്കളും മറ്റും പറഞ്ഞാണ് ഗോവിന്ദ ചാമി ജയില്‍ ചാടിയ വിവരം അവര്‍ അറിയുന്നത്. ഇതോടെ ഇവര്‍ ഭയചകിതയായി. 'ഞാനിത് ഇപ്പഴാണ് അറിഞ്ഞത്. വീട്ടില്‍ ടിവിയില്ല. ഇത്രയും വലിയ ജയില്‍ ഇവനെങ്ങനെ ചാടി? അതിന് സഹായം ലഭിച്ചിരിക്കുമല്ലോ. എത്രയും പെട്ടെന്ന് ഇവനെ പിടിക്കണം. ജയില്‍ അധികൃതര്‍ വിവരം അറിയാന്‍ വൈകിയത് കുറ്റകരം. ഒരു പെണ്‍കുട്ടിയെ പിച്ചിച്ചീന്തിയവനാണ്. ശരീരം വിറച്ചിട്ട് എനിക്കൊന്നും വയ്യ. എത്രയും പെട്ടെന്ന് തന്നെ അവനെ പിടിക്കട്ടെ. നമ്മുടെ പൊലീസ് അവനെ പിടിക്കുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. ജയില്‍ ജീവനക്കാര്‍ക്ക് വീഴ്ചയുണ്ടായി' എന്നും അവര്‍ പ്രതികരിച്ചു.
ഗോവിന്ദച്ചാമിക്കായി പൊലീസ് പ്രദേശത്ത് വ്യാപക തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് ജയില്‍ ചാടിയത് എന്നാണ് നിഗമനം. പത്താം ബ്ലോക്കിലാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. ഇന്ന് രാവിലെ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഗോവിന്ദച്ചാമിയെ സെല്ലില്‍ കാണാതായത്. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9446899506 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.
അതീവസുരക്ഷയുള്ള പത്താം നമ്പര്‍ ബ്ലോക്കിലെ സെല്ലില്‍ ഗോവിന്ദച്ചാമി ഒറ്റയ്ക്കായിരുന്നുവെന്നാണ് വിവരം. സെല്ലിലെ കമ്പി വളച്ചാണ് ഇയാള്‍ പുറത്തിറങ്ങിയതെന്ന് സംശയിക്കുന്നു. 2011 ഫെബ്രുവരി ഒന്നിന് ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍വെച്ച് യുവതിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി എറണാകുളം- ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ട്രെയിനില്‍നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്നാണ് കേസ്.
തൃശൂര്‍ അതിവേഗ കോടതിയും കേരള ഹൈക്കോടതിയും ഇയാള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും സുപ്രീം കോടതി ജീവപര്യന്തമായി കുറക്കുകയായിരുന്നു. 2016-ലാണ് ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയത്. കൊലപാതകം സംശയാതീതമായി തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതി ഹൈക്കോടതിയുടെ വധശിക്ഷാ വിധി റദ്ദാക്കിയത്. അതേസമയം, ബലാത്സംഗം നടന്നതായി ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഇതിന് ഹൈക്കോടതി നല്‍കിയ ജീവപര്യന്തം ശിക്ഷയും മറ്റു വകുപ്പുകള്‍ പ്രകാരം നല്‍കിയ ശിക്ഷകളും നിലനില്‍ക്കുമെന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നു.
ട്രെയിനില്‍നിന്ന് വീണപ്പോള്‍ തലയിലേറ്റ ക്ഷതമാണ് മരണകാരണമായത്. എന്നാല്‍, ട്രെയിനില്‍നിന്ന് പെണ്‍കുട്ടി സ്വയം ചാടിയതാണോ ഗോവിന്ദച്ചാമി തള്ളിയിട്ടതാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് കോടതി പറഞ്ഞു. ഈ സാഹചര്യത്തില്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി കൊലപാതകക്കുറ്റവും അതിന് നല്‍കിയ വധശിക്ഷയും കോടതി ഒഴിവാക്കുകയായിരുന്നു.
വധശിക്ഷ നല്‍കിയ തൃശ്ശൂര്‍ അതിവേഗ കോടതിയുടെ വിധിക്കെതിരെ ഗോവിന്ദച്ചാമി നല്‍കിയ ഹര്‍ജിയിലാണ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ സുപ്രീം കോടതി ബഞ്ചിന്റെ വിധി. ഒറ്റക്കൈയനായ ഗോവിന്ദച്ചാമിക്ക് പെണ്‍കുട്ടിയെ തള്ളിയിടാന്‍ സാധിക്കുമോയെയെന്ന് വാദത്തിനിടെ കോടതി സംശയം പ്രകടിപ്പിച്ചിരുന്നിരുന്നു. തൃശ്ശൂര്‍ അതിവേഗ കോടതിയാണ് ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചത്. ഇതിനു പുറമെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. വിധി ഹൈക്കോടതി ശരിവെയ്ക്കുകയും ചെയ്തിരുന്നു.
2011 ഫിബ്രവരി ഒന്നിനാണ് കൊച്ചി-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ തീവണ്ടിയില്‍ സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ഇരുപത്തിമൂന്നുകാരിയായ ജീവനക്കാരി ക്രൂര പീഡനത്തിന് ഇരയായത്. ഫിബ്രവരി ആറിന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍വച്ച് പെണ്‍കുട്ടി മരിച്ചു.