ക്ഷേത്രങ്ങളില്‍ നിത്യം തൊഴാനെത്തുന്ന ഭക്തൻ; ഒടുവിൽ അവന് ഇഷ്ടപ്പെട്ട നെയ്യും ശർക്കരയും വച്ച് കാത്തിരുന്ന് വനം വകുപ്പ്; കരടി ഭീതിയിൽ ഒരു നാട്

Update: 2026-01-07 08:39 GMT

മലപ്പുറം: അമരമ്പലത്തെ ക്ഷേത്രങ്ങളിൽ പതിവായി പൂജാദ്രവ്യങ്ങൾ ഭക്ഷിക്കാനെത്തുന്ന കരടിയെ പിടികൂടാൻ വനംവകുപ്പ് കെണികളൊരുക്കി. ടി.കെ. കോളനി, പുഞ്ച തുടങ്ങിയ പ്രദേശങ്ങളിലെ ക്ഷേത്രമുറ്റത്താണ് നെയ്യും ശർക്കരയുമടക്കമുള്ള ഭക്ഷണം വെച്ച് കെണികൾ സ്ഥാപിച്ചിരിക്കുന്നത്.

കഴിഞ്ഞ തിങ്കളാഴ്ച അർധരാത്രിയോടെ ടി.കെ. കോളനി ധർമ്മശാസ്താ അയ്യപ്പ ക്ഷേത്രത്തിൽ വീണ്ടുമെത്തിയ കരടി പൂജാദ്രവ്യങ്ങൾ ഭക്ഷിക്കുകയും നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തിരുന്നു. വനമേഖലയോട് ചേർന്നുള്ള ക്ഷേത്രങ്ങളിൽ നെയ്യ്, ശർക്കര, എണ്ണ തുടങ്ങിയ പൂജാദ്രവ്യങ്ങൾ ഭക്ഷിക്കാനാണ് കരടിയെത്തുന്നത്. ടി.കെ. കോളനി, ഒളർവട്ടം, തേൾപ്പാറ, ചുള്ളിയോട്, പുഞ്ച തുടങ്ങിയ പ്രദേശങ്ങളിൽ മാസങ്ങളായി കരടി ശല്യം രൂക്ഷമാണ്. കഴിഞ്ഞ വർഷം മുതലാണ് ജനവാസ മേഖലയിൽ കരടിയുടെ സാന്നിധ്യം കണ്ടുതുടങ്ങിയത്.

ക്ഷേത്രങ്ങളിലെത്തുന്ന കരടി തേൻപെട്ടികളടക്കം വ്യാപകമായി നശിപ്പിക്കാറുണ്ട്. കഴിഞ്ഞ വർഷം വനംവകുപ്പ് ഒരു കരടിയെ പിടികൂടി കരുളായി ഉൾവനത്തിൽ തുറന്നുവിട്ടിരുന്നു. എന്നാൽ അതിനുശേഷം വീണ്ടും കരടിശല്യം രൂക്ഷമാവുകയായിരുന്നു. സമാനമായ രീതിയിൽ കെണി സ്ഥാപിച്ചെങ്കിലും കെണിയിൽപ്പെട്ട കരടി കൂടിന്റെ കമ്പി തകർത്ത് രക്ഷപ്പെട്ട അനുഭവവുമുണ്ട്.

Tags:    

Similar News