കരിപ്പൂരിന് വീണ്ടും തിരിച്ചടി; ഏഴു വര്‍ഷത്തെ സര്‍വീസ് അവസാനിപ്പിക്കാന്‍ ഒരുങ്ങി ഗള്‍ഫ് എയര്‍

കരിപ്പൂരിന് വീണ്ടും തിരിച്ചടി; ഏഴു വര്‍ഷത്തെ സര്‍വീസ് അവസാനിപ്പിക്കാന്‍ ഒരുങ്ങി ഗള്‍ഫ് എയര്‍

Update: 2025-03-25 02:16 GMT

കരിപ്പൂര്‍: ഒരു വിദേശ വിമാനക്കമ്പനികൂടി കരിപ്പൂര്‍ വിടുന്നു. കോഴിക്കോട്ടുനിന്ന് ബഹ്‌റൈന്‍, ദോഹ മേഖലകളില്‍ സര്‍വീസ് നടത്തുന്ന ഗള്‍ഫ് എയറാണ് സര്‍വീസ് അവസാനിപ്പിക്കുന്നത്. 31-ന് പുലര്‍ച്ചെ അഞ്ചിനുള്ള വിമാനത്തോടെ ഏഴുവര്‍ഷം നീണ്ട ഗള്‍ഫ് എയര്‍ സര്‍വീസ് അവസാനിക്കും. കരിപ്പൂര്‍ വിടുന്ന മൂന്നാമത്തെ കമ്പനിയാണ് ഗള്‍ഫ് എയര്‍.

സര്‍വീസ് പുനഃക്രമീകരണത്തിന്റെ ഭാഗമായാണ് കോഴിക്കോട് സര്‍വീസ് പിന്‍വലിക്കുന്നതെന്നാണ് ഗള്‍ഫ് എയറിന്റെ വിശദീകരണം. ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സര്‍വീസ് നിര്‍ത്തലാക്കാനുള്ള തീരുമാനം യാത്രക്കാര്‍ക്ക് ഇരുട്ടടിയാണ്. മറ്റു സര്‍വീസുകളെ അപേക്ഷിച്ച് കുറഞ്ഞ ടിക്കറ്റ് നിരക്കും ഭക്ഷണവും കൃത്യതയുള്ള സര്‍വീസും ഇവരുടെ പ്രത്യേകതയായിരുന്നു.

നേരത്തെ എയര്‍ ഇന്ത്യയും പിന്നാലെ സൗദി എയര്‍ലൈന്‍സും കരിപ്പൂര്‍ വിട്ടിരുന്നു. 2018 ജൂണിലാണ് ഗള്‍ഫ് എയര്‍ കോഴിക്കോട്- ബഹ്‌റൈന്‍, ദോഹ സര്‍വീസ് ആരംഭിച്ചത്. ദുബായ്, അബുദാബി, ജിദ്ദ മേഖലകളിലേക്കും യൂറോപ്പിലേക്കും കണക്ഷന്‍ സര്‍വീസുമായാണ് കമ്പനി പ്രവര്‍ത്തിച്ചിരുന്നത്. തിങ്കള്‍, ബുധന്‍, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായാണ് സര്‍വീസ് നടത്തിയത്. 159 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനത്തില്‍ ദിവസവും നിറയെ യാത്രക്കാരുണ്ടായിരുന്നു.

Tags:    

Similar News