ശരീരത്തിന്റെ പാതി ഭാഗവും ആരോ..കടിച്ചുതീർത്തതായി കണ്ടതോടെ പ്രദേശത്ത് ഭീതി; മലപ്പുറത്തെ മലയോര മേഖലയിൽ കടുവാ ഇറങ്ങിയതായി സംശയം; പരിഭ്രാന്തിയിൽ നാട്ടുകാർ
മലപ്പുറം: മലപ്പുറം ജില്ലയിലെ മലയോര മേഖലകളിൽ കടുവയുടെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ചതോടെ ജനങ്ങൾ കടുത്ത ഭീതിയിലാണ്. കഴിഞ്ഞ ദിവസം പ്രദേശത്ത് പാതി ഭക്ഷിച്ച നിലയിൽ ഒരു കാട്ടുപന്നിയുടെ ജഡം കണ്ടെത്തിയതാണ് ആശങ്ക വർധിപ്പിച്ചത്. ഇതിനെത്തുടർന്ന് വനംവകുപ്പ് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുകയും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
പ്രധാനമായും കാളികാവ്, കരുവാരകുണ്ട് പ്രദേശങ്ങളിലെ എസ്റ്റേറ്റ് തൊഴിലാളികളാണ് കടുവ ഭീഷണിയെത്തുടർന്ന് ദുരിതത്തിലായിരിക്കുന്നത്. റബ്ബർ ടാപ്പിംഗ് സീസൺ ആരംഭിച്ച സമയമായതിനാൽ, പുലർച്ചെ മൂന്ന് മണി മുതൽ തോട്ടങ്ങളിൽ ജോലിക്ക് എത്തേണ്ട തൊഴിലാളികൾ ജീവൻ പണയപ്പെടുത്തിയാണ് ജോലി ചെയ്യുന്നത്. കടുവയുടെ സാന്നിധ്യം ഭയന്ന് പലരും ജോലിക്ക് വരാൻ മടിക്കുകയാണ്. മുൻപ് അടക്കാക്കുണ്ട്, പാറശ്ശേരി ഭാഗങ്ങളിലും കടുവയെ കണ്ടിരുന്നു. രണ്ടു മാസം മുൻപ് അടക്കാക്കുണ്ടിൽ ഒരു പശുവിനെ കടുവ പിടികൂടിയിരുന്നു.
ഏട്ടു മാസം മുൻപ് ഒരു തൊഴിലാളി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് പ്രദേശവാസികളെ വലിയ രീതിയിൽ തളർത്തിയിരുന്നു. കടുവയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ വിജയിച്ചിട്ടില്ല. വന്യമൃഗശല്യം രൂക്ഷമായതോടെ മലയോരത്തെ കാർഷിക-തൊഴിൽ മേഖലകൾ വൻ പ്രതിസന്ധിയാണ് നേരിടുന്നത്. സുരക്ഷ ഉറപ്പാക്കാൻ തോട്ടങ്ങളിലെ കാടുകൾ വെട്ടിത്തെളിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.