ഹിമാചല്‍ പ്രദേശില്‍ 3056 കോടിയുടെ നഷ്ടം; സംസ്ഥാനത്തെ ദുരിതബാധിത പ്രദേശമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി
ഷിംല: കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ ദുരിതബാധിത പ്രദേശമായി പ്രഖ്യാപിച്ച് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖു. മേഘവിസ്‌ഫോടനം, ഉരുള്‍പൊട്ടല്‍, മിന്നല്‍ പ്രളയം തുടങ്ങിയവ സൃഷ്ടിച്ച നഷ്ടം 3,056 കോടി രൂപയാണ്. റോഡുകള്‍, പാലം, കുടിവെള്ളം, ഊര്‍ജകേന്ദ്രങ്ങള്‍ എന്നിവക്ക് കാര്യമായ നാശനഷ്ടങ്ങളുണ്ടായതായും അദ്ദേഹം അറിയിച്ചു. തിങ്കളാഴ്ച ചേര്‍ന്ന വര്‍ഷകാല നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിഞ്ജാപനവും പുറപ്പെടുവിച്ചിട്ടുണ്ട്.
ജൂണ്‍ മാസം തുടക്കത്തില്‍ തന്നെ ധാരാളം നാശനഷ്ടങ്ങള്‍ സംഭവിച്ചതായി മന്ത്രി പറഞ്ഞു. ഉരുള്‍പൊട്ടല്‍, മിന്നല്‍ പ്രളയം, മേഘവിസ്‌ഫോടനം എന്നിവയില്‍ 300ലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചമ്പ, മാണ്ഡി, ഷിംല, കാംഗ്ര, കിന്നൗര്‍, കുളു എന്നീ ജില്ലകളെയാണ് ദുരന്തം കാര്യമായി ബാധിച്ചത്.
2025ലെ ദേശീയ ദുരന്ത നിവാരണയിലെ സെക്ഷന്‍ 24 പ്രകാരമാണ് സംസ്ഥാനത്തെ ദുരിതബാധിത പ്രദേശമായി പ്രഖ്യാപിച്ചത്. ചമ്പയിലെ ബര്‍മൗറില്‍ നടന്ന മണിമഹേഷ് യാത്രക്കിടെ പതിനാറ് തീര്‍ഥാടകര്‍ മരിച്ചു. നാല് പേരുടെ മൃതദേഹങ്ങള്‍ ഇപ്പോഴും ബര്‍മോറിലെ കുഗ്തി ഗ്രാമത്തില്‍ കുടുങ്ങിക്കിടക്കുകയാണെന്നും കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
ഇതിനിടെ മഴക്കെടുതിയില്‍ ആശങ്ക പ്രകടിപ്പിച്ച് മുന്‍ മുഖ്യമന്ത്രി ശാന്ത കുമാര്‍ തനിക്ക് കത്ത് എഴുതിയതായി മുഖ്യമന്ത്രി പറഞ്ഞു. വിവിധ ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്ന രണ്ട് ലക്ഷം കോടിയില്‍ നിന്ന് 20,000 കോടിയുടെ പ്രത്യേക ധനസഹായം അടിയന്തിരമായി ഹിമാചലിന് നല്‍കണമെന്നാവശ്യപ്പെട്ട് ശാന്ത കുമാര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയതിനുള്ള നന്ദിയും അദ്ദേഹം അറിയിച്ചു.
500ലധികം പേര്‍ ഇപ്പോഴും ഭര്‍മോറില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ജയ് റാം താക്കൂര്‍ പറഞ്ഞു. ഗതാഗതം എത്രയും പെട്ടന്ന് പുഃനസ്ഥാപിക്കണമെന്നും ബാര്‍മോറില്‍ കുടുങ്ങിയവര്‍ക്ക് യാത്ര സൗകര്യം ഒരുക്കണമെന്നും ജയ് റാം താക്കൂര്‍ ആവശ്യപ്പെട്ടു.