ട്രാഫിക് ഡ്യൂട്ടിക്ക് നിന്ന ഹോം ഗാര്‍ഡിനെ പൊതുനിരത്തിലിട്ടു മര്‍ദ്ദിച്ചു: പതിനേഴോളം ക്രിമിനല്‍ കേസുകളിലെ പ്രതി അറസ്റ്റില്‍
ട്രാഫിക് ഡ്യൂട്ടിക്ക് നിന്ന ഹോം ഗാര്‍ഡിനെ പൊതുനിരത്തിലിട്ടു മര്‍ദ്ദിച്ചു: പതിനേഴോളം ക്രിമിനല്‍ കേസുകളിലെ പ്രതി അറസ്റ്റില്‍
പത്തനംതിട്ട: ഗതാഗത നിയന്ത്രണഡ്യൂട്ടി ചെയ്തുവന്ന ഹോം ഗാര്‍ഡിനെ മര്‍ദ്ദിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്ത നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെപോലീസ് പിടികൂടി. കുമ്പഴ വരുവാതില്‍ വീട്ടില്‍ ജിന്റോ ജോര്‍ജ്(39)ആണ് അറസ്റ്റിലായത്.
ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റിലെ ഹോം ഗാര്‍ഡ് ഷിബു കുര്യന് ചൊവ്വാഴ്ച വൈകിട്ട് മൂന്നേകാലിന് കുമ്പഴയില്‍ വച്ചാണ് മര്‍ദ്ദനമേറ്റത്. ട്രാഫിക് പോയിന്റില്‍ ഡ്യൂട്ടിക്കിടെയായിരുന്നു മദ്യലഹരിയിലെത്തിയ യുവാവിന്റെ പരാക്രമം. യാതൊരു പ്രകോപനവുമില്ലാതെ അസഭ്യം വിളിച്ചുകൊണ്ടു ഷിബുവിനെ കൈയേറ്റം ചെയ്യുകയായിരുന്നു.
അസഭ്യവര്‍ഷം നടത്തുകയും കഴുത്തിന് കുത്തിപ്പിടിച്ച് തള്ളി താഴെയിടുകയുമായിരുന്നു. തുടര്‍ന്ന് യൂണിഫോം വലിച്ചു കീറുകയും മര്‍ദിക്കുകയും ചെയ്തു. കണ്ടു നിന്നവര്‍ ഇടപെട്ടെങ്കിലും പിന്മാറാതെ ദേഹോപദ്രവം തുടര്‍ന്ന പ്രതി, കുറച്ചുകഴിഞ്ഞു സ്ഥലംവിട്ടു. പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നിവ ഉള്‍പ്പെടെ 17 കേസുകളില്‍ പ്രതിയാണ് ജിന്റോ.
2011 ലെടുത്ത വധശ്രമക്കേസില്‍ ഇയാളെ കോടതി അഞ്ചുവര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു. ജങ്ഷന് സമീപത്തു നിന്നും ഇയാളെ പിന്നീട് കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പോലീസ് ഇന്‍സ്പെക്ടര്‍ ഷിബുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. സംഘത്തില്‍ എസ്.ഐ. ജിനു, എസ്.സി.പി.ഓ അനുരാജ്, സി.പി.ഓമാരായ അഭിരാജ്, വിഷ്ണു, ശ്രീലാല്‍ എന്നിവരാണ് ഉണ്ടായിരുന്നത്.