പലരുടെയും ഇംഗ്ലീഷ് പുകള്‍പെറ്റതാണ്, പക്ഷെ പ്രതിസന്ധികളില്‍ നാടിനും മനുഷ്യര്‍ക്കും എന്ത് ഗുണം; എ എ റഹീമിനെ പിന്തുണച്ചു ജെയ്ക്ക് സി തോമസ്

പലരുടെയും ഇംഗ്ലീഷ് പുകള്‍പെറ്റതാണ്, പക്ഷെ പ്രതിസന്ധികളില്‍ നാടിനും മനുഷ്യര്‍ക്കും എന്ത് ഗുണം

Update: 2025-12-29 08:49 GMT

തിരുവനന്തപുരം: ആര്‍ദ്രതയുള്ള മലയാളി അഭിലാഷത്തിന്റെ പൂര്‍ത്തീകരണമായിരുന്നു യലഹങ്കിയിലെ സര്‍വവും നഷ്ടപെട്ട മനുഷ്യരുടെ നടുവില്‍നിന്നു നമ്മളോട് പൊള്ളുന്ന യാഥാര്‍ഥ്യങ്ങളെ കാട്ടിത്തന്ന റഹിം എംപി എന്ന് ഡിവൈഎഫ്‌ഐ കേന്ദ്ര സെക്രെട്ടറിയറ്റ് അംഗം ജെയ്ക്ക് സി തോമസ്.

സംഘടിതമായി നടക്കുന്ന സൈബര്‍ അധിക്ഷേപത്തിനിരയായ റഹിമിന് പിന്തുണ അര്‍പ്പിച്ചാണ് ജെയ്ക്കിന്റെ കുറിപ്പ്. കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയ ബുള്‍ഡോസര്‍രാജിന്റെ ഇരകളെ നേരിട്ട് കണ്ടശേഷം മാധ്യമങ്ങളോട് സംസാരിച്ച റഹീമിന്റെ ചില സംഭാഷണ ഭാഗങ്ങള്‍ മാത്രം പ്രചരിപ്പിച്ചുകൊണ്ട് വ്യപക അധിക്ഷേപമാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്.

തെരുവില്‍ ഇറക്കപ്പെട്ട മനുഷ്യരെ കാണാനുള്ള ഡിവൈഎഫ്‌ഐ പ്രതിനിധി സംഘത്തിന്റെ ഭാഗമായുള്ള യാത്രയുടെ ഭാഗമായാണ് റഹിം ബംഗളൂരു നഗരത്തിനടുത്തുള്ള യലഹങ്കയിലെ കോഗിലു ലേഔട്ടില്‍ (വസീം ലേഔട്ട്, ഫക്കീര്‍ കോളനി) എത്തിയത്.

19 പേരുണ്ട് കേരളത്തില്‍ നിന്ന് ലീഗിന്റെയും കോണ്‍ഗ്രസിന്റെയുമൊക്കെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ടവര്‍,അതില്‍ പ്രഗത്ഭമതികള്‍ പലരുമുണ്ട്. തിരുവനന്തുപരം ബാര്‍സിലോണ ആക്കുമെന്നു പറഞ്ഞു മോഡി-ആര്‍എസ്എസ് സ്തുതിപാടകനായ ശശി തരൂര്‍ മുതല്‍ കമ്മ്യൂണിസ്റ്റുകാരില്‍ നിന്നും ശാഖയ്ക്ക് കാവല്‍ കിടന്ന കെ സുധാകരന്‍ വരെയുണ്ട്.

സിവില്‍ കോഡിന്റെ ചര്‍ച്ചയില്‍ കോണ്‍ഗ്രസിന്റെ നിശബ്ദതയില്‍ ഭയമുണ്ട് എന്ന് പറഞ്ഞ മുസ്ലിം ലീഗിന്റെ അബ്ദുല്‍ വഹാബ് ഉണ്ട്, തൊഴിലുറപ്പ് മുതല്‍ ഗാന്ധി വരെ നിരോധിക്കപെട്ടപ്പോള്‍ മോഡിയുമൊത്തു ചായ കുടിക്കാന്‍ പോയ വയനാട് അംഗം പ്രിയങ്ക ഗാന്ധിയുണ്ട്, ജര്‍മനിയില്‍ ബിഎംഡബ്ലിയു ഫോട്ടോഷൂട് നടത്തുന്ന വയനാട് മുന്‍അംഗമായ നമ്മുടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുണ്ട്, റീല്‍സില്‍ പോലും ആര്‍ എസ് എസ് എന്നൊരു വാക്ക് പറയാതെ സൂക്ഷിക്കുന്ന കുറുക്കന്‍ കണ്ണുകളുള്ള യുവരക്തങ്ങള്‍ പലരുമുണ്ട്.

പലരുടെയും ഇംഗ്ലീഷ് പുകള്‍പെറ്റതുമാണ്.പക്ഷെ പ്രതിസന്ധികളില്‍ പ്രയാസങ്ങളില്‍ നമ്മുടെ നാടിനും,അവിടെയുള്ള മനുഷ്യര്‍ക്കും എന്ത് ഗുണമെന്നതാണ് ചോദ്യമെങ്കില്‍, അവിടെ ഇവരൊക്കെ ആരോടൊപ്പമെന്നതാണ് ഉയരുന്നതെങ്കില്‍ ഉപാധിരഹിതമായി നമ്മുക്ക് എ എ റഹിമിനോട് അയാളെ അങ്ങോട്ടേക്ക് കാന്തികശക്തി പോലെ വലിച്ചടുപ്പിച്ച നയിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയത്തോട് കടപെടേണ്ടിയിരിക്കുന്നു - ജെയ്ക്ക് സമൂഹമാധ്യമത്തില്‍ കുറിച്ചു.

തന്റെ ഭാഷയിലേക്ക് സൂക്ഷിച്ചു നോക്കുമ്പോള്‍ നിങ്ങളുടെ സര്‍ക്കാര്‍ പറഞ്ഞയച്ച ബുള്‍ഡോസറുകള്‍ തകര്‍ത്ത വീടുകളും അതിലെ സാധുക്കളായ കുറെ ഇന്ത്യക്കാരെയും നിങ്ങള്‍ കാണാതെ പോകരുതെന്നും തന്റെ ഭാഷയെ ട്രോളുന്ന തിരക്കില്‍ ആ ദുര്‍ബലരായ മനുഷ്യരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ രക്ഷപ്പെടാന്‍ ശ്രമിക്കരുതെന്നുമുള്ള മറുപടി ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് കൂടിയായ എ എ റഹിം സൈബര്‍ അധിക്ഷേപത്തിനെതിരായി നല്‍കിയിരുന്നു.

Tags:    

Similar News