സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ തുടരന്വേഷണം ആവശ്യമില്ല; ഒട്ടേറെ അന്വേഷണങ്ങള്‍ നടത്തിയിട്ടും കൊലപാതകത്തിനോ നരഹത്യക്കോ തെളിവ് കണ്ടെത്താനായിട്ടില്ലെന്ന് ഹൈക്കോടതി
സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ തുടര്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് ഹൈക്കോടതി
കൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ തുടര്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് ഹൈക്കോടതി. ക്രൈംബ്രാഞ്ച് അടക്കം വിവിധ അന്വേഷണ സംഘങ്ങള്‍ കേസ് അന്വേഷിച്ചെങ്കിലും കൊലപാതകമാണെന്നതിന് സൂചനകള്‍ ഒന്നും കിട്ടിയില്ല. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടും ഇക്കാര്യം സാധൂകരിക്കുന്നില്ല. അതിനാല്‍ തന്നെ മറ്റൊരു അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയാണ് ആള്‍ കേരള ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് തളളിയത്. ഒട്ടേറെ അന്വേഷണങ്ങള്‍ നടത്തിയിട്ടും കൊലപാതകത്തിനോ നരഹത്യക്കോ തെളിവ് കണ്ടെത്താനായിട്ടില്ലെന്ന് വിലയിരുത്തിയാണ് ഉത്തരവ്.
2002 ജൂലൈ ഒന്നിന് രാവിലെ ഒമ്പതിന് പെരിയാറില്‍ മുങ്ങിമരിച്ച നിലയില്‍ സ്വാമി ശാശ്വതീകാനന്ദയെ കണ്ടതിനെത്തുടര്‍ന്ന് ആലുവ പൊലീസും റൂറല്‍ ജില്ല മേധാവിയും ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചിട്ടുണ്ട്.
എല്ലാ അന്വേഷണ സംഘവും മുങ്ങിമരണമെന്നാണ് കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും മുങ്ങിമരണമെന്നാണ്. സംഭവസമയത്ത് ഒപ്പമുണ്ടായിരുന്ന പേഴ്‌സണല്‍ അസിസ്റ്റന്റിനെയും ചോദ്യംചെയ്തു. ബന്ധുക്കള്‍ സംശയമുന്നയിച്ചവരെ നുണപരിശോധനക്ക് വിധേയരാക്കിയെങ്കിലും ഫലം നെഗറ്റിവാണ്. ആരോപണങ്ങളെല്ലാം അന്വേഷിച്ച സാഹചര്യത്തില്‍ ഹര്‍ജി കോടതി തള്ളുകയായിരുന്നു