സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയോടെ റിലീസ് ചെയ്ത സിനിമ എന്തിന് തടയണം? ഹര്‍ജിക്കാരന്‍ സിനിമ കണ്ടിട്ടുണ്ടോ? കലാപ സാധ്യതയുടെ പേരില്‍ കേസുണ്ടോ? 'എമ്പുരാന്റെ' പ്രദര്‍ശനം തടയണമെന്ന ഹര്‍ജി ശ്രദ്ധ പിടിച്ചുപറ്റാനെന്ന് വിലയിരുത്തി തള്ളി ഹൈക്കോടതി

എമ്പുരാന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

Update: 2025-04-01 11:10 GMT

കൊച്ചി: എമ്പുരാന്‍ സിനിമയ്ക്ക് എതിരായ ഹര്‍ജി ശ്രദ്ധ പിടിച്ചുപറ്റാനെന്ന് ഹൈക്കോടതി. പ്രദര്‍ശനം അടിയന്തരമായി തടയണമെന്ന ആവശ്യം തളളി. സെന്‍സര്‍ ബോര്‍ഡ് വിലയിരുത്തി റിലീസ് ചെയ്ത സിനിമ എന്തിനാണ് തടയുന്നതെന്ന് സിംഗിള്‍ ബെഞ്ച് ചോദിച്ചു. എമ്പുരാന്‍ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് തൃശൂര്‍ ബിജെപി മുന്‍ ജില്ലാ കമ്മിറ്റി അംഗം വി.വി. വിജീഷ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.

ചിത്രം സെന്‍സര്‍ ചെയ്തതല്ലേ എന്നും പിന്നെ എന്തിനാണ് എതിര്‍പ്പെന്നും കോടതി ചോദിച്ചു. ഹര്‍ജിക്കാരന്‍ സിനിമ കണ്ടിട്ടുണ്ടോ എന്നും കോടതി ആരാഞ്ഞു. കലാപസാധ്യതയുണ്ടെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അത്തരത്തില്‍ എവിടെയെങ്കിലും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നും കോടതി ചോദിച്ചു.

കേന്ദ്രസര്‍ക്കാരിനും സെന്‍സര്‍ ബോര്‍ഡിനും നോട്ടീസ് അയക്കാന്‍ നിര്‍ദേശിച്ച കോടതി എതിര്‍കക്ഷികളായ മോഹന്‍ലാല്‍, പൃഥ്വിരാജ് തുടങ്ങി സിനിമയുടെ അണിയറ പ്രവര്‍ത്തകരെ നടപടികളില്‍ നിന്ന് തല്‍ക്കാലം ഒഴിവാക്കി. ഈ സിനിമയുടെ പേരില്‍ കേരളത്തിലെങ്ങും കേസ് എടുക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കി. അങ്ങനെയെങ്കില്‍ പ്രശസ്തിക്കുവേണ്ടിയുളള ഹര്‍ജിയാണോ ഇതെന്ന് സംശയമുന്നയിച്ച കോടതി കേസ് വിശദമായ വാദത്തിന് മാറ്റുകയായിരുന്നു.

അതേസമയം, പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്ന് കാണിച്ച് പരാതിക്കാരനായ വിജേഷിനെ ബിജെപി സസ്പെന്‍ഡ് ചെയ്തു. തൃശ്ശൂര്‍ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബാണ് ഇക്കാര്യം അറിയിച്ചത്. 'പാര്‍ട്ടിയുടെ അച്ചടക്കം ലംഘിച്ചതിനാല്‍ വിജീഷിനെ സംസ്ഥാന അധ്യക്ഷന്റെ അനുമതിയോടുകൂടി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നു', എന്നാണ് പാര്‍ട്ടി പ്രസ്താവന.

നടപടിക്ക് പിന്നാലെ പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്ന് വിജീഷ് വ്യക്തമാക്കി. സിനിമയ്‌ക്കെതിരെ കോടതിയെ സമീപിക്കാനുള്ള തീരുമാനം വ്യക്തിപരമാണ്. നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും വിജീഷ് വ്യക്തമാക്കി.

Tags:    

Similar News