പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 5 വര്‍ഷം കഠിന തടവും പിഴയും; ശിക്ഷ വിധിച്ചത് അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 5 വര്‍ഷം കഠിന തടവും പിഴയും
പന്തളം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി. പന്തളം വില്ലേജില്‍ മുടിയൂര്‍ക്കോണം ചേരിക്കല്‍ ലക്ഷംവീട് കോളനിയില്‍ ഷാജഹാനെ (48) ആണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് മഞ്ജിത് റ്റി. 5 വര്‍ഷം കഠിന തടവിനും 50,000 രൂപ പിഴയും വിധിച്ചത്.
2025 മെയ് 3 ന് രാവിലെ 6.55 മണിയോടെ ട്യൂഷന് പോയ അതിജീവിതയെ പന്തളം ഗേള്‍സ് സ്‌കൂളില്‍ സമീപം എം സി റോഡില്‍ വച്ച് പ്രതി അശ്ലീലം പറയുകയും പുറകെ ചെന്ന് അതിജീവിതയുടെ സ്വകാര്യഭാഗത്ത് പിടിക്കുകയും ചെയ്‌തെന്നാണ് കേസ്. പന്തളം സബ്ഇന്‍സ്‌പെക്ടര്‍ ആയ അനീഷ് എബ്രഹാം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഒന്നരമാസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.
കേസ് റിപ്പോര്‍ട്ടായി ഏഴു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ച കേസില്‍ ഒന്നരമാസം കൊണ്ട് പ്രോസിക്യൂഷന്‍ നടപടികള്‍ പൂര്‍ത്തിയായി. ഈ കേസില്‍ പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നില്ല. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 17 സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസികൂട്ടര്‍ അഡ്വക്കേറ്റ് സ്മിത ജോണ്‍ പി ഹാജരായി. പ്രോസിക്യൂഷന്‍ നടപടികള്‍ കോര്‍ട്ട് ലെയ്‌സണ്‍ ഓഫീസര്‍ ദീപ കുമാരി ഏകോപിച്ചു. പിഴ തുക അടയ്ക്കുന്ന പക്ഷം അതിജീവിതയ്ക്ക് നല്‍കാന്‍ ജില്ല ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്