ആരുമില്ലാത്ത സമയത്ത് മിഠായി നല്‍കാം എന്ന് പറഞ്ഞു ബാത്ത്‌റൂമില്‍ കയറ്റി പീഡിപ്പിച്ചു; പന്ത്രണ്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 43 വര്‍ഷം കഠിന തടവും 40000 രൂപ പിഴയും
പന്ത്രണ്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 43 വര്‍ഷം കഠിന തടവും 40000 രൂപ പിഴയും
തിരുവനന്തപുരം: പന്ത്രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ വെങ്ങാനൂര്‍ സ്വദേശി രാജന്‍ (56) നെ 43 വര്‍ഷം കഠിനതടവിനും 40000 രൂപ പിഴയ്ക്കും അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്‍ള ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ മൂന്ന് മാസം കൂടുതലായി ശിക്ഷ അനുഭവിക്കണം. പിഴത്തുകയും ലീഗല്‍ സര്‍വീസ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതക്കു നല്‍കണം എന്ന് കോടതി വിധിന്യായത്തില്‍ പറയുന്നു.
2021 സെപ്റ്റംബര്‍ മുപ്പതിനും ഒക്ടോബര്‍ പതിനഞ്ചിനുമാണ് നഗരത്തിലെ ഒരു ഹോസ്റ്റലില്‍ കേസിനാസ്പദമായ സംഭവം നടന്നത്. അവിടത്തെ ക്ലീനറായിരുന്ന പ്രതി ആരുമില്ലാത്ത സമയത്ത് മിഠായി നല്‍കാം എന്ന് പറഞ്ഞു അതിജീവിതയെ ബാത്ത്‌റൂമില്‍ കയറ്റി ആണ് പീഡിപ്പിച്ചത് . പ്രതി ഭീഷണിപ്പെടുത്തിയതിനാല്‍ ആദ്യത്തെ സംഭവം കൂട്ടി പുറത്ത് പറഞ്ഞില്ല. രണ്ടാമത്തെ സംഭവത്തിന് ശേഷം ഇവര്‍ ഒരുമിച്ച് നില്‍ക്കുന്നത് മറ്റൊരാള്‍ കണ്ടു. കുട്ടി പരിഭ്രമിച്ചു നില്‍ക്കുന്നതില്‍ സംശയം തോന്നി കുട്ടിയോട് ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
പ്രോസീക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രൊസീക്യൂട്ടര്‍ അഡ്വ.ആര്‍.എസ് വിജയ് മോഹന്‍ ഹാജരായി. വഞ്ചിയൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ വി. വി. ദിപിന്‍, സബ് ഇന്‍സ്പെക്ടര്‍ വിനീത എം. ആര്‍. എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന്‍ 13 സാക്ഷികളെ വിസ്തരിച്ചു. 34 രേഖകളും ഹാജരാക്കി. 5 തൊണ്ടിമുതലുകളും ഹാജരാക്കി.