പ്രതി സന്ദീപിന് മാനസിക രോഗമെന്ന വാദം കളവ്; തെളിവുകള്‍ എണ്ണിപ്പറഞ്ഞ് പ്രോസിക്യൂഷന്‍; ഡോ വന്ദനാ ദാസ് കൊലക്കേസില്‍ പ്രോസിക്യൂഷന്‍ അന്തിമവാദം പൂര്‍ത്തിയായി
ഡോ വന്ദനാ ദാസ് കേസ് കൊലക്കേസില്‍ പ്രോസിക്യൂഷന്‍ അന്തിമവാദം പൂര്‍ത്തിയായി
കൊല്ലം: വന്ദന ദാസ് വധക്കേസില്‍ പ്രോസിക്യൂഷന്‍ ഭാഗം വാദം കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പി എന്‍ വിനോദ് മുമ്പാകെ പൂര്‍ത്തിയായി. കേസില്‍ പ്രതിക്ക് മാനസിക രോഗമാണെന്നുള്ള പ്രതിഭാഗം വാദം കളവാണെന്ന് തെളിയിക്കുന്ന സാഹചര്യങ്ങള്‍ ഒന്നൊന്നായി എണ്ണിപ്പറഞ്ഞുകൊണ്ടുള്ള വാദമാണ് കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതി മുമ്പാകെ നടത്തിയത്.
സംഭവ കാലഘട്ടത്തില്‍ നെടുമ്പന സ്‌കൂളില്‍ അദ്ധ്യാപകനായിരുന്ന പ്രതി സ്‌കൂള്‍ നടപടികളില്‍ യാതൊരു വിധവുമായ വീഴ്ചയും വരുത്തിയിട്ടില്ല എന്ന സ്‌കൂളിലെ പ്രധാനാധ്യാപികയുടെ മൊഴി പ്രതി ആ സമയത്ത് മാനസികമായി സ്വബോധത്തോടെ കഴിഞ്ഞിരുന്ന ആള്‍ ആണെന്ന് വ്യക്തമാക്കുന്നതായി അഡ്വ പ്രതാപ് ജി പടിക്കല്‍ കോടതിയില്‍ വാദിച്ചു. കൂടാതെ സ്വന്തമായി വാഹനത്തില്‍ ഡ്രൈവ് ചെയ്ത് സ്‌കൂളില്‍ എത്തുന്നയാളാണ് പ്രതിയെന്നും നന്നായി പാട്ടു പാടാനും അഭിനയിക്കുവാനും അറിവുള്ള ആളാണ് പ്രതി എന്നുള്ള പ്രതിഭാഗം സാക്ഷിയായ ഹേമന്‍ എന്ന അദ്ധ്യാപകന്റെ മൊഴി തന്നെ പ്രതിയുടെ സുബോധത്തെ വ്യക്തമാക്കുന്നതാണെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. കൂടാതെ പ്രതിഭാഗം സാക്ഷിയായി കോടതിയില്‍ വിസ്തരിച്ച ജയില്‍ സൂപ്രണ്ട് പ്രതിയുടെ ജയിലിലെ സ്വഭാവത്തെക്കുറിച്ച് വിവരിച്ചതും പ്രതിയുടെ സുബോധം വ്യക്തമാക്കുന്നതാണെന്നുള്ള വാദവും പ്രോസിക്യൂഷന്‍ കോടതിയില്‍ ഉയര്‍ത്തി.
ഡോക്ടര്‍ വന്ദനയെയും മറ്റുള്ളവരെയും ആക്രമിച്ച പ്രതിയുടെ പ്രവൃത്തി ലീഗല്‍ ഇന്‍സാനിറ്റി എന്ന നിയമപരമായ ഇളവിന്റെ പരിധിയില്‍ വരുന്നതല്ലയെന്നും മേല്‍ക്കോടതികളുടെ വിധികള്‍ ഉദ്ധരിച്ച് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. കൂടാതെ പ്രതി ജയിലില്‍ വെച്ച് ഉപയോഗിക്കുന്ന മരുന്നുകളുടെ അളവുകള്‍ മാനസിക വിഭ്രാന്തിയുള്ള ആളുകള്‍ക്ക് നല്കുന്ന അളവുകളെക്കാള്‍ വളരെ കുറഞ്ഞ അളവിലുള്ളതാണെന്ന് മാനസിക രോഗവിദദ്ധരുടെ അഭിപ്രായങ്ങളും മെഡിക്കല്‍ ഗ്രന്ഥങ്ങളിലെ പരാമര്‍ശങ്ങളും ചൂണ്ടിക്കാട്ടി പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചു.
തന്നെ ചികിത്സിച്ച നിരപരാധിയായ ഒരു ഡോക്ടറെ തന്നെ ഹോസ്പിറ്റല്‍ മുറിക്കുള്ളിലിട്ട് അതിക്രൂരമായി കൊലപ്പെടുത്തുകയും കൂടെ ഉണ്ടായിരുന്ന മറ്റ് ആറ് പേരെ ആക്രമിക്കുകയും ചെയ്ത അദ്ധ്യാപകന്‍ കൂടിയായ പ്രതി സന്ദീപ്, നിയമത്തിന്റെ യാതൊരു ദാക്ഷിണ്യവും അര്‍ഹിക്കുന്നില്ലയെന്നുള്ള വാദത്തോടെയാണ് അഡ്വ പ്രതാപ് ജി പടിക്കല്‍ തന്റെ വാദം അവസാനിപ്പിച്ചത്. പ്രതിഭാഗം വാദം മാര്‍ച്ച് 7 ന് നടക്കും.
കേസില്‍ പ്രോസിക്യൂഷന് വേണ്ടി പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്‍, ഹരീഷ് കാട്ടൂര്‍, മഹേശ്വര്‍ പടിക്കല്‍, നീരജ ഷാജി എന്നിവരാണ് ഹാജരാകുന്നത്.
