കെഎസ്ആര്‍ടിസിക്ക് 73.50 കോടി രൂപ കൂടി അനുവദിച്ചു; പെന്‍ഷന്‍ വിതരണത്തിനുള്ള പ്രതിമാസ വിഹിതമായാണ് തുക ലഭ്യമാക്കിയതെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍
കെഎസ്ആര്‍ടിസിക്ക് 73.50 കോടി രൂപ കൂടി അനുവദിച്ചു
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ വിതരണത്തിനായി സര്‍ക്കാര്‍ 73.50 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിനുള്ള പ്രതിമാസ വിഹിതമായാണ് തുക ലഭ്യമാക്കിയത്.
ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 1,399 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി നല്‍കിയത്. ഇതില്‍ 879 കോടി രൂപ പെന്‍ഷന്‍ വിതരണത്തിനായും 520 കോടി രൂപ പ്രത്യേക സഹായമായുമാണ് അനുവദിച്ചത്. ഈ വര്‍ഷത്തെ ബജറ്റില്‍ കോര്‍പ്പറേഷനായി നീക്കിവച്ചിരുന്ന 900 കോടി രൂപയ്ക്ക് പുറമെ 499 കോടി രൂപ അധികമായി നല്‍കിക്കഴിഞ്ഞു.
രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഇതുവരെ 8,619 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സഹായമായി നല്‍കിയത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ 5,002 കോടി രൂപ കൂടി ചേര്‍ത്താല്‍ ആകെ സഹായം 13,621 കോടി രൂപയായി ഉയര്‍ന്നു. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ച് വര്‍ഷ കാലയളവില്‍ 1,467 കോടി രൂപ മാത്രമാണ് സഹായമായി നല്‍കിയിരുന്നതെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.