മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ കടത്തിന്റെ കൃത്യമായ കണക്ക് സര്‍ക്കാരിന്റെ പക്കല്‍ ഉണ്ടെന്ന് മന്ത്രി കെ രാജന്‍; മാര്‍ച്ച് 27ന് ടൗണ്‍ഷിപ്പിന് തറക്കല്ലിട്ടും

Update: 2025-03-11 09:44 GMT

തിരുവനന്തപുരം: മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ കടത്തിന്റെ കൃത്യമായ കണക്ക് സര്‍ക്കാരിന്റെ പക്കല്‍ ഉണ്ടെന്ന് മന്ത്രി കെ രാജന്‍ നിയമസഭയില്‍ പറഞ്ഞു. മാര്‍ച്ച് 27ന് ടൗണ്‍ഷിപ്പിന്റെ തറക്കല്ലിട്ട് നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ആരാണ് കടം എഴുതിത്തള്ളാന്‍ തീരുമാനമെടുക്കേണ്ടതെന്ന് ചോദിച്ച മന്ത്രി, മുഖ്യമന്ത്രി പിണറായി വിജയന്‍ ബാങ്കുകളോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നുവെന്നും വ്യക്തമാക്കി. കേരള ബാങ്ക് കൃത്യമായ രീതിയില്‍ ആ ബാങ്കില്‍ കടം ഉണ്ടായിരുന്നവരുടെ കടങ്ങളെല്ലാം ഒരു മാസത്തിനുള്ളില്‍ എഴുതിത്തള്ളിയെന്നും ഇതാണ് സംസ്ഥാനത്തിന് ചെയ്യാന്‍ സാധിക്കുന്നതെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

ദുരന്തത്തെ മറികടക്കാന്‍ സഹായിക്കാതെ കേരളത്തെ അപമാനിക്കുന്ന നടപടിയാണ് കേന്ദ്രമന്ത്രി പോലും സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിനെതിരെ അനാവശ്യമായി വിമര്‍ശനമുന്നയിക്കുകയാണ്. കേന്ദ്രസര്‍ക്കാരിനെതിരെ പറയുമ്പോഴാണ് പ്രതിപക്ഷത്തിന് പ്രശ്നമെന്നും രാഷ്ട്രീയത്തിന് അതീതമായ ഒരു പ്രക്രിയയാണ് ദുരന്തമുഖത്ത് നടന്നതെന്നും മന്ത്രി വ്യക്തമാക്കി. തീവ്ര ദുരന്തമായി പ്രഖ്യാപിക്കാന്‍ പോലും കേന്ദ്രം ആദ്യഘട്ടത്തില്‍ തയ്യാറായില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Similar News