ജ്യേഷ്ഠന്റെ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം; എണ്‍പത് ശതമാനത്തോളം പൊള്ളലേറ്റ സ്ത്രീ ഗുരുതരാവസ്ഥയില്‍: വിഷം കഴിച്ച പ്രതി ആശുപത്രിയില്‍
ജ്യേഷ്ഠഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു
ചങ്ങനാശ്ശേരി: കോംട്ടംയത്ത് ജ്യേഷ്ഠന്റെ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. 80 ശതമാനത്തോളം പൊള്ളലേറ്റ സ്ത്രീ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചങ്ങനാശ്ശേരി പറാല്‍ പ്രിയനിവാസില്‍ വേണുഗോപാലിന്റെ ഭാര്യ പ്രസന്ന വേണുഗോപാലിന് (62) നേരേയാണ് ആക്രമണമുണ്ടായത്. വേണുഗോപാലിന്റെ അനുജന്‍ രാജുവാണ് ആക്രമിച്ചത്. തിങ്കളാഴ്ച രാത്രി ഒന്‍പതിനായിരുന്നു സംഭവം.
സംഭവത്തിനുശേഷം പ്രതിയെ വിഷം കഴിച്ചനിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വേണുഗോപാലിന്റെ വീട്ടിലെത്തിയ രാജു കൈയില്‍ കരുതിയിരുന്ന ദ്രാവകം പ്രസന്നയുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അടുത്തുണ്ടായിരുന്ന വേണുഗോപാല്‍, പ്രസന്നയെ രക്ഷിക്കാന്‍ ശ്രമിച്ചു. ഇദ്ദേഹത്തിനും പൊള്ളലേറ്റു. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്നാണ് പ്രസന്നയെ ആശുപത്രിയിലെത്തിച്ചത്.
വിഷം ഉള്ളില്‍ച്ചെന്ന രാജു അപകടനില തരണംചെയ്താല്‍മാത്രമേ ചോദ്യംചെയ്യാന്‍ സാധിക്കൂവെന്ന് പോലീസ് പറഞ്ഞു. രാജുവിന് വേണുഗോപാലിന്റെ കുടുംബവുമായി മുന്‍വൈരമുണ്ടായിരുന്നതായും പോലീസ് പറഞ്ഞു. കുടുംബത്തര്‍ക്കവുമുണ്ടായിരുന്നു. കോട്ടയത്ത് താമസിക്കുന്ന രാജു അവിടെ ലോട്ടറിക്കച്ചവടം നടത്തിവരുകയായിരുന്നു.