കുഞ്ഞിന് ഓട്ടിസമുണ്ടെന്ന സംശയവും പ്രസവാനന്തര വിഷാദവും എല്ലാം കൂടി ആയപ്പോൾ മനസ്സ് തളർന്നു; ആ ഒന്നരവയസുകാരിയുടെ മരണം കൊലപാതകം; പവിത്രയെ കൊന്നത് പെറ്റമ്മ തന്നെ
തിരുവനന്തപുരം: തിരുവനന്തപുരം വാമനപുരത്ത് ഒരു വയസ്സുകാരിയായ കുഞ്ഞ് പവിത്രയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ അശ്വതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന് ഓട്ടിസമുണ്ടെന്ന സംശയവും പ്രസവാനന്തര വിഷാദവുമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു.
ഇന്നലെ വൈകുന്നേരമാണ് വാമനപുരത്തെ വീട്ടിലെ കിടപ്പുമുറിയിലെ പായയിൽ ഒരു വയസ്സുകാരി പവിത്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൊഴിലുറപ്പ് ജോലിക്ക് പോയ മുത്തശ്ശി തിരിച്ചെത്തിയപ്പോഴാണ് ദാരുണമായ സംഭവം പുറത്തറിയുന്നത്. കുഞ്ഞിന്റെ കഴുത്തിൽ ചതവുകൾ കണ്ടെത്തിയിരുന്നു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് മരണം കഴുത്ത് ഞെരിച്ചതിനെ തുടർന്നാണെന്ന് വ്യക്തമായത്. ഇതിന് പിന്നാലെ ഇന്നലെ രാത്രി തന്നെ അമ്മ അശ്വതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
കുഞ്ഞിന് ഓട്ടിസമുണ്ടോ എന്ന സംശയം അശ്വതിക്ക് നേരത്തെ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. ഒരാഴ്ച മുമ്പ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചെങ്കിലും ആരോഗ്യപരമായ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. ഇന്നലെ വൈകിട്ട് കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അശ്വതി ജീവനൊടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. സംഭവസ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.