ക്ഷാമത്തിന് പിന്നാലെ മോഷണവും! തലസ്ഥാനത്ത് ഹോട്ടലില്‍ നിന്ന് ഗ്യാസ് സിലിണ്ടര്‍ കടത്തി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതക പ്രതിസന്ധി കൊടുമ്പിരിക്കൊണ്ടിരിക്കെ, തലസ്ഥാനത്ത് ഹോട്ടലില്‍ നിന്ന് ഗ്യാസ് സിലിണ്ടര്‍ മോഷ്ടിച്ചു. ചാല മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന 'വി.എസ്. ഹോട്ടലിലാണ്' പുലര്‍ച്ചെ രണ്ട് മണിയോടെ മോഷണം നടന്നത്. ഗ്യാസ് നിറച്ചിരുന്ന സിലിണ്ടറാണ് മോഷ്ടാവ് കൊണ്ടുപോയത്.
ഹോട്ടലിന്റെ പിന്‍വശത്തുകൂടി അകത്തുകടന്ന മോഷ്ടാവ് ഗ്യാസ് നിറച്ചിരുന്ന സിലിണ്ടര്‍ എടുത്തുമാറ്റുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമാണ്. ഹോട്ടലില്‍ പകുതി ഉപയോഗിച്ച മറ്റ് രണ്ട് സിലിണ്ടറുകള്‍ കൂടി ഉണ്ടായിരുന്നെങ്കിലും മോഷ്ടാവ് അവ തൊട്ടില്ല. നിറയെ ഗ്യാസുള്ള സിലിണ്ടര്‍ തന്നെ കൃത്യമായി ലക്ഷ്യം വെച്ചാണ് മോഷ്ടാവ് എത്തിയതെന്ന് ഹോട്ടലുടമ പറയുന്നു. സംസ്ഥാനത്ത് വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്. വിറകടുപ്പിലേക്കും മറ്റും മാറി ഹോട്ടല്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ മോഷണം വലിയ ആഘാതമാണ് ഉടമയ്ക്ക് നല്‍കിയിരിക്കുന്നത്.
'പാചകവാതകക്ഷാമം കാരണം കഷ്ടപ്പെട്ടാണ് ഹോട്ടല്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. ഈ സാഹചര്യത്തില്‍ ഉള്ള സിലിണ്ടര്‍ കൂടി പോയതോടെ ഇനി ഹോട്ടല്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല,' ഹോട്ടലുടമ വികാരാധീനനായി പറഞ്ഞു. സംഭവത്തില്‍ ഫോര്‍ട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. വാണിജ്യ സിലിണ്ടറുകള്‍ക്ക് കരിഞ്ചന്തയില്‍ വന്‍ വിലയുള്ള സാഹചര്യത്തില്‍ ഇത്തരം മോഷണങ്ങള്‍ ഇനിയും വര്‍ദ്ധിക്കുമോ എന്ന ആശങ്കയിലാണ് നഗരത്തിലെ വ്യാപാരികള്‍.