എസ് എസ് എല്‍ സി-ഹയര്‍ സെക്കന്‍ഡറി-വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഗ്രേസ് മാര്‍ക്ക്: മാനദണ്ഡങ്ങളില്‍ ഭേദഗതി
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഗ്രേസ് മാര്‍ക്കിന്റെ മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തി പുതിയ ഉത്തരവ് ഇറക്കി . വിദ്യാര്‍ത്ഥികളുടെ അക്കാദമിക് നേട്ടങ്ങളോടൊപ്പം കല, ശാസ്ത്രം, കായികം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ അംഗീകാരം നല്‍കുകയാണ് പുതിയ ഭേദഗതിയുടെ പ്രധാന ലക്ഷ്യമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.
സംസ്ഥാന സ്‌കൂള്‍ കലോത്സവം, ശാസ്ത്രമേള, സംസ്ഥാനതല ശാസ്ത്ര സെമിനാര്‍, സി വി രാമന്‍ ഉപന്യാസ മത്സരം, ശ്രീനിവാസ രാമാനുജന്‍ മെമ്മോറിയല്‍ പേപ്പര്‍ പ്രെസന്റേഷന്‍, സംസ്ഥാനതല വാര്‍ത്താവായന മത്സരം, ശാസ്ത്ര ടാലന്റ് സെര്‍ച്ച് പരീക്ഷ, സാമൂഹ്യശാസ്ത്ര ടാലന്റ് സെര്‍ച്ച് പരീക്ഷ, ഗണിതശാസ്ത്ര ടാലന്റ് സെര്‍ച്ച് പരീക്ഷ, ശാസ്ത്രമാഗസിന്‍ മത്സരം തുടങ്ങിയ ഇനങ്ങളില്‍ എ ഗ്രേഡിന് 20 മാര്‍ക്ക്, ബി ഗ്രേഡിന് 15 മാര്‍ക്ക്, സി ഗ്രേഡിന് 10 മാര്‍ക്ക് നല്‍കും. ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനങ്ങള്‍ നിശ്ചയിക്കുന്ന ഇനങ്ങളില്‍ യഥാക്രമം 20, 17, 14 മാര്‍ക്കുകള്‍ അനുവദിക്കും.
കേരള സ്‌കൂള്‍ സ്‌കില്‍ ഫെസ്റ്റിവലിലെ 19 തത്സമയ മത്സര ഇനങ്ങള്‍ക്കും എ ഗ്രേഡിന് 20, ബി ഗ്രേഡിന് 15, സി ഗ്രേഡിന് 10 മാര്‍ക്ക് ലഭിക്കും. പ്രത്യേക സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് 25, ബി ഗ്രേഡ് 20, സി ഗ്രേഡ് 15 മാര്‍ക്കുകളാണ് അനുവദിച്ചിരിക്കുന്നത്. ജൂനിയര്‍ റെഡ് ക്രോസിന് 10 മാര്‍ക്കും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്ക് 20 മാര്‍ക്കും നല്‍കും. സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസില്‍ എ ഗ്രേഡിന് 20, ബി ഗ്രേഡിന് 15, സി ഗ്രേഡിന് 10 മാര്‍ക്കും ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ ദേശീയതലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് 25 മാര്‍ക്കും അനുവദിച്ചിട്ടുണ്ട്.
സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് പ്രവര്‍ത്തനങ്ങളില്‍ ഹൈയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 80 ശതമാനം ഹാജറോടുകൂടിയ പങ്കാളിത്തത്തിന് 25 മാര്‍ക്ക് ലഭിക്കും. രാജ്യപുരസ്‌കാര്‍ അല്ലെങ്കില്‍ ചീഫ് മിനിസ്റ്റര്‍ ഷീല്‍ഡ് നേടിയവര്‍ക്ക് 40 മാര്‍ക്കും രാഷ്ട്രപതി അവാര്‍ഡ് നേടിയവര്‍ക്ക് 50 മാര്‍ക്കും നല്‍കും. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 80 ശതമാനം ഹാജറുള്ള പങ്കാളിത്തത്തിന് 18 മാര്‍ക്ക്, രാജ്യപുരസ്‌കാര്‍ അല്ലെങ്കില്‍ ചീഫ് മിനിസ്റ്റര്‍ ഷീല്‍ഡിന് 20 മാര്‍ക്ക്, രാഷ്ട്രപതി അവാര്‍ഡിന് 25 മാര്‍ക്ക് അനുവദിച്ചിട്ടുണ്ട്.
എന്‍ സി സി പ്രവര്‍ത്തനങ്ങളിലും വിവിധ തലങ്ങളില്‍ ഗ്രേസ് മാര്‍ക്ക് അനുവദിച്ചിട്ടുണ്ട്. റിപ്പബ്ലിക് ഡേ പരേഡ് ക്യാമ്പ്, ഓള്‍ ഇന്ത്യ നൗസൈനിക് ക്യാമ്പ്, ഓള്‍ ഇന്ത്യ വായു സൈനിക് ക്യാമ്പ്, എസ് പി എല്‍ , നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പ്, യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാം തുടങ്ങിയ കേന്ദ്രതല ക്യാമ്പുകളില്‍ പങ്കെടുക്കുന്ന എന്‍ സി സി കേഡറ്റുകള്‍ക്ക് 40 മാര്‍ക്ക് നല്‍കും. മറ്റു എന്‍.സി.സി പരിശീലന ക്യാമ്പുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് 30 മാര്‍ക്കും 75 ശതമാനം അല്ലെങ്കില്‍ അതില്‍ കൂടുതല്‍ പരേഡ് ഹാജര്‍ ഉള്ളവര്‍ക്ക് 20 മാര്‍ക്കും അനുവദിക്കും.
എന്‍ എസ് എസ് പ്രവര്‍ത്തനങ്ങളില്‍ റിപ്പബ്ലിക് ഡേ ക്യാമ്പില്‍ പങ്കെടുത്ത വോളണ്ടിയര്‍മാര്‍ക്ക് 40 മാര്‍ക്ക്, ദേശീയ തല ക്യാമ്പുകളില്‍ പങ്കെടുത്തവര്‍ക്ക് 25 മാര്‍ക്ക്, എന്‍.എസ്.എസ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് 20 മാര്‍ക്ക് നല്‍കും. ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങള്‍ക്ക് 15 മാര്‍ക്കും ജവഹര്‍ലാല്‍ നെഹ്രു നാഷണല്‍ സയന്‍സ് എക്‌സിബിഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് 25 മാര്‍ക്കും നല്‍കും. ബാലശ്രീ അവാര്‍ഡ് നേടിയവര്‍ക്ക് 15 മാര്‍ക്കും അനുവദിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 5 മാര്‍ക്കും രണ്ടാം സ്ഥാനം നേടുന്ന ടീമിന് 3 മാര്‍ക്കും അനുവദിക്കും.സര്‍വോത്സവം മത്സരങ്ങളില്‍ എ ഗ്രേഡ് നേടിയവര്‍ക്ക് 15 മാര്‍ക്കും ബി ഗ്രേഡ് നേടിയവര്‍ക്ക് 10 മാര്‍ക്കും നല്‍കും.സതേണ്‍ ഇന്ത്യ സയന്‍സ് ഫെയറില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 22 മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി അനുവദിക്കും.
സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം പ്രവര്‍ത്തനങ്ങളില്‍ എ ഗ്രേഡ് നേടിയവര്‍ക്ക് 25 മാര്‍ക്കും ബി ഗ്രേഡ് നേടിയവര്‍ക്ക് 15 മാര്‍ക്കും സി ഗ്രേഡ് നേടിയവര്‍ക്ക് 10 മാര്‍ക്കും നല്‍കും.വൈ ഐ പി ശാസ്ത്രപഥം സംസ്ഥാനതല വിജയികള്‍ക്ക് 10 മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി അനുവദിക്കും. കായിക രംഗത്തും ഉയര്‍ന്ന ഗ്രേസ് മാര്‍ക്കുകള്‍ അനുവദിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഒന്നാം സ്ഥാനത്തിന് 100 മാര്‍ക്ക്, രണ്ടാം സ്ഥാനത്തിന് 90 മാര്‍ക്ക്, മൂന്നാം സ്ഥാനത്തിന് 80 മാര്‍ക്ക് ലഭിക്കും. അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് 75 മാര്‍ക്ക് അനുവദിക്കും. ദേശീയ മത്സരങ്ങളില്‍ ഒന്നാം സ്ഥാനത്തിന് 50, രണ്ടാം സ്ഥാനത്തിന് 45, മൂന്നാം സ്ഥാനത്തിന് 40 മാര്‍ക്ക് ലഭിക്കും. ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് 35 മാര്‍ക്കും അനുവദിച്ചിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന കായിക മത്സരങ്ങളില്‍ ഒന്നാം സ്ഥാനത്തിന് 20 മാര്‍ക്ക്, രണ്ടാം സ്ഥാനത്തിന് 17, മൂന്നാം സ്ഥാനത്തിന് 14, നാലാം സ്ഥാനത്തിന് 10, അഞ്ചാം സ്ഥാനത്തിന് 8, ആറാം സ്ഥാനത്തിന് 6, ഏഴാം സ്ഥാനത്തിന് 4, എട്ടാം സ്ഥാനത്തിന് 2 മാര്‍ക്ക് അനുവദിക്കും. വിവിധ ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്കിന് അര്‍ഹത ലഭിച്ചാല്‍ അതില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിക്കുന്ന ഒരു ഇനത്തിന് മാത്രമേ ഗ്രേസ് മാര്‍ക്ക് അനുവദിക്കൂ. കൂടാതെ ഗ്രേസ് മാര്‍ക്ക് ഒരിക്കല്‍ മാത്രമേ നല്‍കൂ; പിന്നീട് അഡ്മിഷനില്‍ അധിക ഇന്‍ഡക്‌സ് അല്ലെങ്കില്‍ ബോണസ് മാര്‍ക്ക് അനുവദിക്കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. 2025 ജൂണ്‍ 1 മുതല്‍ 2026 മേയ് 31 വരെ നടന്ന മത്സരങ്ങളില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ ഗ്രേസ് മാര്‍ക്കിനായി പരിഗണിക്കുകയുള്ളൂ എന്നും സര്‍ക്കാര്‍ വ്യക്തമാക്കി.ഇത്തരത്തിലുള്ള ഭേദഗതികള്‍ വിദ്യാര്‍ത്ഥികളുടെ സമഗ്ര വളര്‍ച്ച പ്രോത്സാഹിപ്പിക്കാനും വിവിധ മേഖലകളിലെ കഴിവുകള്‍ അംഗീകരിക്കാനും സഹായകരമാകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വിലയിരുത്തുന്നു.
