13 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ സറണ്ടര്‍ ചെയ്ത അന്യസംസ്ഥാനക്കാരായ മാതാപിതാക്കള്‍; ഏറ്റെടുത്ത് സിഡബ്ല്യുസി

13 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ സറണ്ടര്‍ ചെയ്ത അന്യസംസ്ഥാനക്കാരായ മാതാപിതാക്കള്‍

Update: 2026-03-13 04:13 GMT

ആലപ്പുഴ: ഇതര സംസ്ഥാനക്കാരായ മാതാപിതാക്കള്‍ ഉപേക്ഷിച്ച 13 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുത്തു. പ്രസവശേഷം കുഞ്ഞിനെ നിയമപരമായി ഉപേക്ഷിക്കാനുള്ള നടപടിക്രമമായ സറണ്ടര്‍ നിയമ പ്രകാരമാണ് ഇവിടെ കുഞ്ഞിനെ ഏറ്റെടുത്തത്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ വെച്ച് മാതാപിതാക്കള്‍ സറണ്ടര്‍ ചെയ്ത കുഞ്ഞിനെ ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സിഡബ്ല്യുസി) ഏറ്റെടുത്തു. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ഹരികുമാര്‍ കുഞ്ഞിനെ സിഡബ്ല്യുസിക്ക് ഔദ്യോഗികമായി കൈമാറി.

കുട്ടിയുടെ തുടര്‍സംരക്ഷണം കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള ആലപ്പുഴ ശിശുവികാസ് ഭവന്‍ നിര്‍വഹിക്കും. സിഡബ്ല്യുസി തയ്യാറാക്കുന്ന സറണ്ടര്‍ ഡീഡില്‍ ഒപ്പുവെക്കുന്നതോടെ കുഞ്ഞിന്റെ പൂര്‍ണ സംരക്ഷണം കമ്മിറ്റിക്കായി മാറും. ഡീഡില്‍ ഒപ്പുവെച്ച ശേഷം മടങ്ങുന്ന രക്ഷിതാക്കള്‍ക്ക് മേല്‍ പിന്നീട് അന്വേഷണമോ മറ്റ് നിയമ നടപടികളോ ഉണ്ടാകില്ല. പുനരാലോചനയ്ക്കായി രക്ഷിതാക്കള്‍ക്ക് 60 ദിവസത്തെ സമയം അനുവദിക്കും. ഇതിനുശേഷവും തീരുമാനത്തില്‍ മാറ്റമില്ലെങ്കില്‍ കുഞ്ഞിനെ ദത്തെടുക്കല്‍ (അഡോപ്ഷന്‍) നടപടികളിലേക്ക് മാറ്റും.

വണ്ടാനം മെഡിക്കല്‍ കോളേജില്‍ നടന്ന നടപടിക്രമങ്ങളില്‍ ജില്ലാ സിഡബ്ല്യുസി ചെയര്‍പേഴ്‌സണ്‍ ഗീത, ഡിസ്ട്രിക്ട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ജിജി ജോണ്‍, ശിശുവികാസ് ഭവന്‍ ഹോം മാനേജര്‍ മിഥുന്‍ ഷാ, സോഷ്യല്‍ വര്‍ക്കര്‍ പ്രിമ, സ്റ്റാഫ് നഴ്‌സ് അഞ്ജു എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News