സി.ഐ.യെന്ന വ്യാജേന എട്ടാംക്‌ളാസ് വിദ്യാര്‍ഥിനിയുമായി ലോഡ്ജില്‍ മുറിയെടുത്തു; സുവിശേഷ പ്രസംഗകന്‍ കൂടിയായ കരാട്ടെ അധ്യാപകന്‍ അറസ്റ്റില്‍
എട്ടാംക്‌ളാസ് വിദ്യാര്‍ഥിനിയുമായി ലോഡ്ജില്‍ മുറിയെടുത്തു; കരാട്ടെ അധ്യാപകന്‍ അറസ്റ്റില്‍
കട്ടപ്പന: എട്ടാംക്‌ളാസ് വിദ്യാര്‍ഥിനിയുമായി ലോഡ്ജില്‍ മുറിയെടുത്തയാളെ പോക്സോ കേസില്‍ കട്ടപ്പന പോലീസ് അറസ്റ്റുചെയ്തു. കട്ടപ്പന സി.ഐ.യെന്ന വ്യാജേന കുട്ടിയുമായി ലോഡ്ജില്‍ തങ്ങിയ കരാട്ടെ അധ്യാപകനായ പെരുംതൊട്ടി ചക്കാലക്കല്‍ ജോണ്‍സണ്‍ (സണ്ണി-51) ആണ് അറസ്റ്റിലായത്. വിവിധ സ്‌കൂളുകളില്‍ ഇയാള്‍ കരാട്ടെ പഠിപ്പിക്കുന്നുണ്ട്.
ലോഡ്ജ് ജീവനക്കാര്‍ക്ക് തോന്നിയ സംശയമാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സഹായകമായത്. വെള്ളിയാഴ്ച രാവിലെയാണ് പെണ്‍കുട്ടിയുമായെത്തി കരാട്ടെ ക്യാമ്പിന്റെ പേരില്‍ കട്ടപ്പന നഗരത്തിലെ ലോഡ്ജില്‍ ഇയാള്‍ മുറിയെടുത്തത്. താന്‍ കട്ടപ്പന സി.ഐ. ആണെന്ന് ലോഡ്ജ് നടത്തിപ്പുകാരെ പരിചയപ്പെടുത്തിയാണ് മുറിയെടുത്തത്. സംശയം തോന്നിയ ലോഡ്ജ് ജീവനക്കാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പോലീസെത്തിയപ്പോള്‍ കൂടെയുള്ളത് മകളാണെന്ന് പറഞ്ഞ് പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചു.എന്നാല്‍, ചോദ്യംചെയ്യലില്‍ ഇതു ശരിയല്ലെന്ന് പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്നാണ് പോക്‌സോ വകുപ്പനുസരിച്ച് ഇയാള്‍ക്കെതിരേ കേസെടുത്തത്.
സുവിശേഷ പ്രസംഗകന്‍കൂടിയായ പ്രതി ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിലെ വിവിധ സ്‌കൂളുകളില്‍ കുട്ടികളെ കരാട്ടേ പഠിപ്പിക്കുന്നുണ്ട്. പ്രതിയെ റിമാന്‍ഡ് ചെയ്തു.