പോറ്റിയെ കേറ്റിയെന്ന പാട്ടില്‍ സിപിഎം വര്‍ഗീയത കാണുന്നു: ഇഡിയുടെ കുറ്റപത്രം തള്ളിയ ഹൈക്കോടതി നടപടി മോദിക്കും അമിത് ഷായ്ക്കും മുഖത്തേറ്റ കനത്ത പ്രഹരമെന്ന് കെസി വേണുഗോപാല്‍
ന്യൂഡല്‍ഹി: കോടതിയുടെ വരാന്തയില്‍ പോലും നില്‍ക്കില്ലെന്ന് കണ്ടാണ് ഹൈക്കോടതി നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡിയുടെ കുറ്റപത്രം തള്ളിയതെന്നും ആ നടപടി മോദിയുടേയും അമിത് ഷായുടേയും മുഖത്തേറ്റ കനത്ത പ്രഹരമാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.
ബിജെപിയെന്ന യജമാനന്‍ പറയുന്നത് അനുസരിക്കുയാണ് ഇഡി. ബിജെപിയുടെ ഡിപ്പാര്‍ട്ടുമെന്റ എന്ന് പറയുന്നതിനേക്കാള്‍ തരംതാഴ്ന്ന നിലയിലാണ് ഇഡിയുടെ പ്രവര്‍ത്തനം.നാഷണല്‍ ഹെറാള്‍ഡ് കേസില്‍ വീണ്ടും കള്ളക്കേസ് ഉണ്ടാക്കുന്നത് അതിന്റെ ഭാഗം.ധാര്‍മികത ഉണ്ടെങ്കില്‍ പ്രധാനമന്ത്രി രാജിവെയ്ക്കണം. ഹൈക്കോടതി കുറ്റപത്രം തള്ളിയതോടെ ബിജെപിയുടെ വ്യാജപ്രചരണങ്ങളുടെ കള്ളിവെളിച്ചത്തായെന്നും വേണുഗോപാല്‍ പറഞ്ഞു.
യങ്ങ് ഇന്ത്യ എന്ന കമ്പനിയുടെ പേരില്‍ ഒരു അഴിമതിയും നടന്നിട്ടില്ല. എന്നിട്ടും ബിജെപി അതില്‍ അഴിമതിയുടെ പുകമറ സൃഷ്ടിച്ചു. 2016ല്‍ മോദി അധികാരത്തില്‍ വന്നതിന് പിന്നാലെ സിബി ഐ അന്വേഷിച്ച് തെളിവില്ലെന്ന് മാറ്റിയ കേസാണത്. ആ കേസാണ് 2021 ല്‍ പ്രതികാര രാഷ്ട്രീയത്തിന്റെ പേരില്‍ പൊടിതട്ടിയെടുത്തത്. നിയമവിരുദ്ധമായി ഇഡിയെ എങ്ങനെ ഉപയോഗിക്കുമെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഈ കേസ്. ഗാന്ധി കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുക മാത്രമായിരുന്നു ഉദ്ദേശം. 55 മണിക്കൂര്‍ തുടര്‍ച്ചയായി രാഹുല്‍ഗാന്ധിയെ ചോദ്യം ചെയ്തു. സോണിയാ ഗാന്ധിയേയും കോണ്‍ഗ്രസ് അധ്യക്ഷനേയും സമാനരീതിയില്‍ അപമാനിച്ചെന്നും കെസി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
പോറ്റിയെ കേറ്റിയെന്ന പാട്ടില്‍ സിപിഎം വര്‍ഗീയത കാണുന്നു
തെരഞ്ഞെടുപ്പില്‍ തോറ്റതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താതെ പോറ്റിയെ കേറ്റിയെന്ന പാട്ടില്‍ സിപിഎം വര്‍ഗീയത കാണുകയാണ്. പാട്ടിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്നത് പരിഹാസ്യമാണ്. ഇവരുടെ എല്ലാ നടപടികളും അവരെ വീണ്ടും കുഴിയിലേക്ക് തള്ളിവിടും. ഏതെങ്കിലുമൊരു പാട്ടുകൊണ്ടുമാത്രമാണോ തെരഞ്ഞെടുപ്പില്‍ വിജയിക്കുക? സോണിയാ ഗാന്ധിയേയും മോദിയേയും പിണറായി വിജയനേയും കുറിച്ച് എന്തെല്ലാം പാട്ടുകള്‍ ഓരോരുത്തര്‍ എഴുതുന്നു. ഭരണപരാജയം വിലയിരുത്താന്‍ പോലും സിപിഎം തുനിയുന്നില്ല. അതില്‍ പോലും സിപിഎമ്മിനും സിപി ഐയും തമ്മില്‍ തര്‍ക്കമാണെന്നും വേണുഗോപാല്‍ പരിഹസിച്ചു.
ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയിലെ അന്വേഷണം ഹൈക്കോടതി നിരീക്ഷണത്തില്‍ നടക്കുന്നതിനാല്‍ ഇപ്പോള്‍ പുറത്തുവരുന്ന ഗൗരവകരമായ വിഷയങ്ങളെല്ലാം കോടതിയ്ക്ക് മുന്നില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അയ്യപ്പന്റെ സ്വര്‍ണ്ണം മോഷ്ടിച്ചവരെ പുറത്തുകൊണ്ടുവരുന്നത് വരെ പോരാട്ടം തുടരുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
