സംസ്ഥാനത്ത് പകൽ ചൂട് വർധിക്കുന്നു; പലയിടത്തും 35 ഡിഗ്രിക്ക് മുകളിൽ താപനില; മഴ വൈകുന്നേരവും രാത്രിയിലുമായി ഒതുങ്ങി; മലയോര മേഖലകളിൽ മഴ തുടരും; ജാഗ്രത വേണമെന്ന് കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: മാറി വരുന്ന കാലാവസ്ഥ വ്യതിയാനത്തിൽ പൊറുതിമുട്ടി ജനങ്ങൾ. ഇപ്പോഴിതാ സംസ്ഥാനത്ത് പകല്‍ സമയത്ത് താപനില വർധിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. തുലാവർഷ മഴ വൈകുന്നേരവും രാത്രിയിലുമായി ഒതുങ്ങിയതോടെ കേരളത്തിൽ ഇപ്പോൾ പകൽ ചൂട് സാധാരണയിലും കൂടുതലെന്നാണ് വിവരങ്ങൾ.
കാലാവസ്ഥ വകുപ്പിന്‍റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം കോഴിക്കോട് സിറ്റിയിൽ കഴിഞ്ഞ രണ്ട് ദിവസമായി പകൽ താപനില 35 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. ഇത് സാധാരണയിലും മൂന്ന് ഡിഗ്രി സെല്‍ഷ്യസ് ഇപ്പോൾ കൂടുതലാണ്.
തൃശൂർ വെള്ളാനിക്കര ഇന്നലെ 2.9 ഡിഗ്രി സെല്‍ഷ്യസ് കൂടുതൽ താപനില രേഖപ്പെടുത്തി. അതേസമയം കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ തന്നെ ഓട്ടോമാറ്റിക് സ്റ്റേഷനുകളിൽ ഇന്നലെ ഇടുക്കി, വയനാട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഒഴികെയുള്ള എല്ലാ ജില്ലകളിലും 35 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതൽ ചൂട് രേഖപ്പെടുത്തുകയും ചെയ്തു.
ഇതിനിടെ, അടുത്ത ഒന്നോ രണ്ടോ ദിവസങ്ങളിൽ മലയോര മേഖലയിൽ ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ബംഗാൾ ഉൾക്കടലിലെ നിലവിലെ ചക്രവാതചുഴി ന്യുനമർദ്ദമായി മാറി നവംബർ 12 -13 ഓടെ തമിഴ്നാട് ശ്രീലങ്ക തീരത്തേക്ക് നീങ്ങുന്നതോടെ സംസ്ഥാനത്ത് വീണ്ടും മഴ ചെറുതായി സജീവമാകാൻ സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.