കേരളത്തിന്റെ നവോത്ഥാനത്തെയും, ചരിത്രം, കല, പാരമ്പര്യത്തെയും, ഐക്യത്തെയും, അഖണ്ഡതയും ഉള്‍ക്കൊള്ളിച്ച് നൃത്താവിഷ്‌കാരം; സൗജന്യമായി നൃത്തം പടിപ്പിച്ച് കേരള കലാമണ്ഡലം; കലാമണ്ഡലത്തിലെ 39 വിദ്യാര്‍ത്ഥികളും, തിരഞ്ഞെടുത്ത 11 വിദ്യാര്‍ത്ഥികളും നൃത്താവിഷ്‌കാരത്തില്‍ മാറ്റുരക്കും
തൃശ്ശൂര്‍: ജനുവരി നാലിന് ആരംഭിക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഉദ്ഘാടന ദിവസത്തിനുള്ള നൃത്താവിഷ്‌കാര പഠനത്തിന് കേരള കലാമണ്ഡലം കൂത്തമ്പലത്തില്‍ തുടക്കമായി. സ്വാഗത ഗാനം നിര്‍ത്താവിഷ്‌കാരത്തില്‍ ചിട്ടപ്പെടുത്തുന്നതിന് പ്രശസ്ത നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു എന്ന വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയുടെ പരാമര്‍ശം നേരത്തെ വിവാദമായിരുന്നു. തുടര്‍ന്ന് സൗജന്യമായി നൃത്തം പഠിപ്പിക്കാം എന്ന് പറഞ്ഞ് കലാമണ്ഡലം മുന്നോട്ട് വരികയായിരുന്നു.
കേരളകലാമണ്ഡലം രജിസ്ട്രാര്‍ ഡോ. വി രാജേഷ് കുമാര്‍ മന്ത്രിയെ ഇക്കാര്യം അറിയിക്കുന്നത്. തുടര്‍ന്ന് നൃത്താവിഷ്‌കാരം ചെയ്യുന്നതിന് കേരള കലാമണ്ഡലത്തെ ഏല്‍പ്പിക്കുകയായിരുന്നു. കേരള കലാമണ്ഡലത്തിലെ 39 ഓളം വിദ്യാര്‍ത്ഥികളും വിവിധ സ്‌കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട 11 ഓളം വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് നൃത്താവിഷ്‌കാരം ചിട്ടപ്പെടുത്തുന്നത്. കേരള കലാമണ്ഡലം നൃത്ത വിഭാഗം മേധാവി രജിത രവി, നൃത്ത വിഭാഗം അധ്യാപിക കലാമണ്ഡലം ലതിക, കഥകളി അധ്യാപകരായ കലാമണ്ഡലം എസ്.തുളസി, കലാമണ്ഡലം അരുണ്‍ വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് നൃത്താവിഷ്‌കാരത്തിനുള്ള ചുവടുകള്‍ ചിട്ടപ്പെടുത്തുന്നത്.
കാവാലം ശ്രീകുമാര്‍ സംഗീത സംവിധാനം ചെയ്ത സ്വാഗത ഗാനത്തിന് 10 മിനിറ്റ് ദൈര്‍ഘ്യമാണ് ഉള്ളത്. കേരളത്തിന്റെ നവോത്ഥാനത്തെയും, ചരിത്രം, കല, പാരമ്പര്യത്തെയും, ഐക്യത്തെയും, അഖണ്ഡതയും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനും ഗായകനുമായ കാവാലം ശ്രീകുമാര്‍ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. കേരള കലാമണ്ഡലത്തിന്റെ കുത്തബലത്തില്‍ ഒരുങ്ങുന്ന നിര്‍ത്താവിഷ്‌കാരത്തില്‍ കേരളത്തിന്റെ തനത് കലകള്‍ ഉള്‍പ്പെടെ നിരവധി കലാരൂപങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
കഥകളി, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, ഗോത്ര കലകള്‍, മാര്‍ഗംകളി, ഒപ്പന, കളരിപ്പയറ്റ്, ദഫ് മുട്ട് തുടങ്ങിയ നിരവധി കലാരൂപങ്ങള്‍ ഗാനത്തിനനുസരിച്ച് ചുവടുവെക്കും. ഒരാഴ്ചയില്‍ അധികമായി ക്രിസ്മസ് അവധി ദിവസങ്ങള്‍ ആയിട്ടും കലാമണ്ഡലത്തിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും അവതരണ ഗാനം ചിട്ടപ്പെടുത്തുന്നതിന് കേരളകലാമണ്ഡലത്തില്‍ ഹോസ്റ്റലില്‍ താമസിച്ചുവരികയാണ്. കേരള മണ്ഡലം തീര്‍ത്തും സൗജന്യമായാണ് നൃത്തം ചിട്ടപ്പെടുത്തുന്നതും അവതരിപ്പിക്കുന്നതും.