പല്ല് തേക്കുന്നതിനിടെ ഇളകിയ പല്ല് അബദ്ധത്തില്‍ വിഴുങ്ങി; ശ്വാസകോശത്തില്‍ കുടുങ്ങിയ പല്ല് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

പല്ല് തേക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ വിഴുങ്ങിയ പല്ല് പുറത്തെടുത്തു

Update: 2026-02-10 04:07 GMT

മുണ്ടക്കയം: പല്ല് തേക്കുന്നതിനിടെ പത്തുവയസ്സുകാരന്‍ അബദ്ധത്തില്‍ ഇളകിയ പല്ല് വിഴുങ്ങി. ശ്വാസകോശത്തില്‍ കുടുങ്ങിയ പല്ല് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ ആശുപത്രിയിലെ ബ്രോങ്കോസ്‌കോപ്പി വിദഗ്ധരാണ് ശ്വാസകോശത്തില്‍ കുടുങ്ങിയ പല്ല് പുറത്തെടുത്തത്.

മുണ്ടക്കയം സ്വദേശിയായ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയുടെ പല്ലാണ് ബ്രഷ്‌ചെയ്യുമ്പോള്‍ അടര്‍ന്ന് ഉള്ളില്‍പ്പോയത്. വിവരം കുട്ടി വീട്ടുകാരോട് പറഞ്ഞെങ്കിലും വയറ്റില്‍ പോയെന്നു കരുതിയ വീട്ടുകാര്‍ സംഭവം കാര്യമാക്കിയില്ല. ഒരാഴ്ച മുന്‍പായിരുന്നു സംഭവം. രണ്ട് ദിവസത്തിനുശേഷം ചുമയും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നു വിദഗ്ധ പരിശോധന നടത്തിയപ്പോള്‍ പല്ല് ശ്വാസകോശത്തില്‍ കുടുങ്ങിയതായി കണ്ടു.

മാര്‍ സ്ലീവാ ആശുപത്രി പള്‍മനറി വിഭാഗം മേധാവി ഡോ.ജെയ്‌സി തോമസ്, അസോ. കണ്‍സള്‍ട്ടന്റ് ഡോ. ജെ.മിഥുന്‍, അനസ്‌തേഷ്യോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ.ജെയിംസ് സിറിയക് എന്നിവര്‍ നടത്തിയ എന്‍ഡോസ്‌കോപ്പി പരിശോധനയില്‍ വലതു ശ്വാസകോശക്കുഴലിന്റെ ഉള്ളിലായി പല്ല് കണ്ടെത്തി. തുടര്‍ന്നാണ് ഫൈബ്രോപ്റ്റിക് ബ്രോങ്കോസ്‌കോപ്പി നടത്തി പല്ല് പുറത്തെടുത്ത്. അനസ്‌തേഷ്യോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ.ജെയിംസ് സിറിയക്കും ചികിത്സയുടെ ഭാഗമായി. കുട്ടി വീട്ടിലേക്ക് മടങ്ങി.

Tags:    

Similar News