കലാമാമാങ്കത്തിന് ഇന്ന് സമാപനം; സ്വര്‍ണക്കപ്പിനായി പൊരിഞ്ഞ പോരാട്ടാം: സമാപന സമ്മേളനത്തില്‍ മുഖ്യ അതിഥികളായി ടൊവിനോയും ആസിഫലിയും

കലാമാമാങ്കത്തിന് ഇന്ന് സമാപനം; സ്വര്‍ണക്കപ്പിനായി പൊരിഞ്ഞ പോരാട്ടാം

Update: 2025-01-08 00:20 GMT

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്നു ഉച്ചയോടെ സമാപനം. സ്വര്‍ണക്കപ്പിനായുള്ള ഇഞ്ചോടിഞ്ചു പോരാട്ടത്തിന്റെ സൂപ്പര്‍ ക്ലൈമാക്‌സിനായി വടക്കന്‍ ജില്ലകളാണ് മത്സരിക്കുന്നത്. നിലവിലെ ജേതാക്കളായ കണ്ണൂരും ഒപ്പം, കോഴിക്കോടും തൃശൂരും കപ്പിനായി കുതിക്കുമ്പോള്‍ അവസാന മത്സരവും കടന്ന് അപ്പീലുകളുടെ ഫലം വരെ കാത്തിരിക്കേണ്ടി വരും. മത്സരങ്ങളെല്ലാം ഉച്ചയ്ക്കു രണ്ടോടെ പൂര്‍ത്തിയാകുമെന്നും അപ്പീലുകള്‍ 3.30നു മുന്‍പു തീര്‍പ്പാക്കുമെന്നും മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു.

5നാണ് മുഖ്യവേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ (എംടി നിള) സമാപന സമ്മേളനം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യും. നടന്‍മാരായ ആസിഫ് അലിയും ടൊവിനോ തോമസുമാണു മുഖ്യാതിഥികള്‍. ജേതാക്കള്‍ക്കുള്ള സ്വര്‍ണക്കപ്പും മാധ്യമ പുരസ്‌കാരങ്ങളും മന്ത്രി വി.ശിവന്‍കുട്ടി സമ്മാനിക്കും. സ്വര്‍ണക്കപ്പ് രൂപകല്‍പന ചെയ്ത ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരെയും രണ്ടു പതിറ്റാണ്ടായി കലോത്സവ പാചകത്തിനു നേതൃത്വം നല്‍കുന്ന പഴയിടം മോഹനന്‍ നമ്പൂതിരിയെയും ആദരിക്കും. മന്ത്രി ജി.ആര്‍.അനില്‍ അധ്യക്ഷത വഹിക്കും. സ്പീക്കര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


തിരുവനന്തപുരം നഗരത്തിലെ 25 വേദികളിലായാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം പുരോഗമിക്കുന്നത്. 15,000ത്തോളം വിദ്യാര്‍ഥികളാണ് കലാമത്സരങ്ങളില്‍ പങ്കെടുക്കാനെത്തുന്നത്. അഞ്ചു ദിവസം നീളുന്ന കലോത്സവം ബുധനാഴ്ച സമാപിക്കും.

Tags:    

Similar News