ഫസ്റ്റ്‌ബെല്‍ ക്ലാസുകള്‍ ജൂലൈ ഒന്‍പത് മുതല്‍ കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍; മാറിയ പാഠപുസ്തകത്തിന് അനുസരിച്ചുള്ള ക്ലാസുകളായിരിക്കും സംപ്രേഷണം ചെയ്യുകയെന്ന് വിദ്യാഭ്യാസ മന്ത്രി
ഫസ്റ്റ്‌ബെല്‍ ക്ലാസുകള്‍ ജൂലൈ ഒന്‍പത് മുതല്‍ കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍
തിരുവനന്തപുരം: ഒന്ന് മുതല്‍ 10 വരെ ക്ലാസുകള്‍ക്കുള്ള ഫസ്റ്റ്‌ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ ജൂലൈ 9-ാം തീയതി മുതല്‍ കൈറ്റ് വിക്ടേഴ്‌സില്‍ സംപ്രേഷണം ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. മാറിയ പാഠപുസ്തകത്തിനനുസരിച്ചുള്ള ക്ലാസുകളായിരിക്കും കൈറ്റ് വിക്ടേഴ്‌സില്‍ സംപ്രേഷണം ചെയ്യുക. കുട്ടികള്‍ക്കുള്ള അധിക പിന്തുണ എന്ന തരത്തിലാണ് ക്ലാസുകള്‍ തയ്യാറാക്കിയിട്ടുള്ളത്.
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അക്കാദമിക് മോണിറ്ററിംഗ് പ്ലാറ്റ്‌ഫോമുകള്‍ പരിചയപ്പെടുത്താന്‍ കൈറ്റിന്റെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും നടന്ന ഹൈസ്‌കൂള്‍ പ്രഥമാധ്യാപക ശില്പശാലയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു മന്ത്രി. കൈറ്റ് സിഇഒ കെ അന്‍വര്‍ സാദത്തും പരിപാടിയില്‍ പങ്കെടുത്തു.
അക്കാദമിക് മാസ്റ്റര്‍ പ്ലാനുകള്‍ നടപ്പിലാക്കുന്നത് മോണിറ്റര്‍ ചെയ്യുന്നതിനും ആസൂത്രണം ചെയ്യുന്നതിനും ഉള്ള സമഗ്ര പ്ലസ് പോര്‍ട്ടല്‍ ഉപയോഗിക്കേണ്ട ആവശ്യകതയെക്കുറിച്ച് മന്ത്രി വിശദീകരിച്ചു. താഴെത്തട്ട് മുതല്‍ മുകള്‍ തട്ടു വരെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമുള്ള സൗകര്യങ്ങളാണ് കൈറ്റിന്റെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്ന സമഗ്ര പ്ലസ് പോര്‍ട്ടലില്‍ ഉള്ളത്.
ഈ സംവിധാനത്തിലൂടെ ടീച്ചര്‍ക്ക് ഡിജിറ്റല്‍ പ്ലാനുകള്‍ തയ്യാറാക്കി സൂക്ഷിക്കാനും പ്രഥമാധ്യാപകര്‍ക്ക് സമര്‍പ്പിക്കാനും കഴിയും. അതോടൊപ്പം ഈ പോര്‍ട്ടലിലുള്ള ഡിജിറ്റല്‍ റിസോഴ്‌സുകളും ഉപയോഗിക്കാവുന്നതാണ്. സ്‌കീം ഓഫ് വര്‍ക്കിനനുസരിച്ചാണോ തന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നതെന്ന് ടീച്ചര്‍ക്ക് സ്വയം വിലയിരുത്താം.