ആര്‍ക്കും അസ്വാഭാവികത തോന്നുന്ന ആരോപണത്തില്‍ പീഡന വാര്‍ത്ത; അടിസ്ഥാനരഹിത ആരോപണങ്ങള്‍ നേരിടുന്ന ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ പിന്തുണയെന്ന് പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍
വാര്‍ത്ത നല്‍കും മുമ്പ് പ്രാഥമികാന്വേഷണം വേണം
തിരുവനന്തപുരം: അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് പൊലീസ് അസോസിയേഷന്‍. അത്തരം ഉദ്യോഗസ്ഥര്‍ക്ക് നിയമ നടപടികളുമായി മുന്നോട്ടുപോകാം. അവര്‍ക്കൊപ്പം പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ഉണ്ടാകുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍ ബിജു പറഞ്ഞു.
വര്‍ത്തമാനകാലത്ത് പോലീസ് സംവിധാനത്തിനെതിരെയും ചില പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്കെതിരെയും പല രൂപത്തിലുള്ള ആക്ഷേപങ്ങള്‍ ഉയരുകയും അതില്‍ വലിയ ചര്‍ച്ചകളും അന്വേഷണങ്ങളും നടപടികളും എല്ലാം ഉണ്ടാകുന്നുണ്ട്. അന്വേഷണം നടക്കട്ടെ, വസ്തുതകള്‍ പുറത്തു വരട്ടെ എന്നതാണ് ഈ വിഷയത്തില്‍ കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ നിലപാട്.
എന്നാല്‍ ഇന്ന് മുതല്‍ ഒരു വാര്‍ത്താ ചാനല്‍ 'പോലീസ് ഓഫീസര്‍മാരുടെ ബലാത്സംഗപരമ്പര' എന്ന വാര്‍ത്ത നല്‍കുന്നത് കാണാനിടയായി. ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതിന് മുമ്പ് ഒരു പ്രാഥമികാന്വേഷണം നടത്തുന്ന രീതി ഉണ്ടാകേണ്ടതുണ്ട്. ഒരു പരാതിയുമായി പോലീസ് സ്റ്റേഷനില്‍ ചെന്ന സ്ത്രീയെ പരാതി അന്വേഷിച്ച ഐപി പീഡിപ്പിച്ചു എന്നും, ഐപി പീഡിപ്പിച്ചു എന്ന പരാതിയുമായി ഡിവൈഎസ്പിയുടെ അടുത്ത് ചെന്നപ്പോള്‍ അദ്ദേഹം പീഡിപ്പിച്ചു എന്നും, ഡിവൈഎസ്പി പീഡിപ്പിച്ചു എന്ന പരാതിയുമായി എസ്പിയെ കണ്ടപ്പോള്‍ അദ്ദേഹം പീഡിപ്പിച്ചുവെന്നും പരാതി പറയുമ്പോള്‍ അത് കേള്‍ക്കുന്ന ആര്‍ക്കും അസ്വാഭാവികത ബോധ്യപ്പെടും. എന്നിട്ടും അത് വാര്‍ത്തയാക്കിയത് അത്യന്തം ഖേദകരമാണെന്നും സി.ആര്‍ ബിജു പറഞ്ഞു.