ഫീസ് നിരക്ക് കുറക്കാനുള്ള തീരുമാനം; സമര വിജയമെന്ന് കെ.എസ്.യു; വിദ്യാര്‍ത്ഥി വിരുദ്ധ തീരുമാനങ്ങളുടെ കേന്ദ്രമായി മാറിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് അലോഷ്യസ് സേവ്യര്‍
കൊച്ചി: കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ വര്‍ദ്ധിപ്പിച്ച വിദ്യാര്‍ത്ഥികളുടെ ഫീസ് നിരക്ക് കുറയ്ക്കാനുള്ള അധികൃതരുടെ തീരുമാനം കെ.എസ്.യുവിന്റെ സമര വിജയമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. തീരുമാനം പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങാതെ അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കാന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
48000 രൂപയാക്കി വര്‍ദ്ധിപ്പിച്ചിരുന്ന ബിരുദ ഫീസ് നിരക്ക് 24000 രൂപയായാണ് കുറച്ചിരിക്കുന്നത്.കഴിഞ്ഞ അക്കാദമിക് വര്‍ഷം വരെ 18000 രൂപയായിരുന്നു.ബിരുദാനന്തര ബിരുദ ഫീസ് നിരക്ക് 49500 രൂപയില്‍ നിന്ന് 29000 രൂപയാക്കിയാണ് കുറച്ചിരിക്കുന്നത്. കഴിഞ്ഞ അക്കാദമിക് വര്‍ഷം വരെ 22000 രൂപയായിരുന്നു. ഗവേഷണ വിദ്യര്‍ത്ഥികളുടെ ഫീസ് നിരക്ക് 49900 രൂപയില്‍ നിന്ന് 30000 രൂപയാക്കിയാണ് കുറച്ചിരിക്കുന്നത്. കഴിഞ്ഞ അക്കാദമിക് വര്‍ഷം വരെ 24000 രൂപയായിരുന്നു ഫീസ് നിരക്ക്.
വിദ്യാര്‍ത്ഥി വിരുദ്ധ തീരുമാനങ്ങളുടെ കേന്ദ്രമായി മാറിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത് . ഫീസ് നിരക്ക് വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ കഴിഞ്ഞ ഓഗസ്റ്റ് 20നാണ് കെ.എസ്.യു സമരം ആരംഭിച്ചത് .അന്ന് എസ്.എഫ്.ഐ സമര രംഗത്ത് ഉണ്ടായിരുന്നില്ല.പി എം ശ്രീ വിഷയത്തില്‍ പ്രതിരോധത്തിലായപ്പോഴാണ് സെറ്റിട്ട സമര നാടകവുമായി രംഗപ്രവേശം ചെയ്തത്. വിഷയത്തില്‍ കെ.എസ്.യു ഉപവാസം, യാചനാ സമരം, പ്രതിഷേധ മാര്‍ച്ച്, പഠിപ്പുമുടക്ക് സമരങ്ങള്‍ ഉള്‍പ്പടെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് നീങ്ങി. ശക്തമായ വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് മുന്നില്‍ തീരുമാനം പുന:പരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ബദ്ധിതരാവുകയാണ് ചെയ്തത്.
വിഷയത്തില്‍ എസ്.എഫ്.ഐ ഉള്‍പ്പടെയുള്ള ഭരണാനുകൂല വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയത് കേവലം സമര നാടകങ്ങള്‍ മാത്രമാണ്. ഫീസ് നിരക്ക് വര്‍ദ്ധിപ്പിച്ചത് സിന്‍ഡിക്കേറ്റിന്റെ അധികാരമുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ്. പ്രസ്തുത സമിതിയില്‍ വൈസ് ചാന്‍സലറും, 4 സിപിഐ അംഗങ്ങളും, 3 സിപിഎം അംഗങ്ങളുമാണുള്ളത്.
ഇതിലൂടെ സമരം എത്രത്തോളം ആത്മാര്‍ത്ഥതയോടെ എന്നത് വ്യക്തമാണ്. വിദ്യാര്‍ത്ഥി വിരുദ്ധ തീരുമാനങ്ങള്‍ ആര് സ്വീകരിച്ചാലും ശക്തമായ പ്രതിഷേധവും, പ്രതിരോധവുമായി കെ.എസ്.യു ഉണ്ടാകുമെന്നും കെഎസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.