അസഹനീയമായ ശബ്ദവും, പൊടി ശല്യവും, ജലമലിനീകരണവും; പൊറുതിമുട്ടി ഇരുപത്തിയഞ്ചോളം കുടുംബങ്ങൾ; അമിത ഭാരം കയറ്റി ഓടുന്ന ടോറസ് ലോറികൾ ഗ്രാമീണ റോഡുകൾ തകർത്തു; എറണാകുളം ഇളമ്പകപ്പിള്ളിയിലെ മെറ്റൽ ക്രഷറിനെതിരെ നാട്ടുകാർ

Update: 2025-01-30 06:40 GMT

എറണാകുളം: മെറ്റൽ ക്രഷർ യൂണിറ്റിന്റെ പ്രവർത്തനം കാരണം പൊറുതിമുട്ടി പ്രദേശവാസികൾ. എറണാകുളം ഇളമ്പകപ്പിള്ളിയിലെ ഇരുപത്തിയഞ്ചോളം വരുന്ന കുടുംബങ്ങളാണ് മെറ്റൽ ക്രഷർ യൂണിറ്റിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ക്രഷറിന്റെ പ്രവർത്തനം നാട്ടുകാർക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങൾ ഉൾപ്പെടെ സൃഷ്ടിക്കുന്നുണ്ടെന്നാണ് ആരോപണം. പരാതികൾ നൽകിയിട്ടും ന്യായമായ നടപടികൾ അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്. ചെറിയ തോതിൽ മാത്രം പ്രവർത്തനം നടത്തിയിരുന്ന യൂണിറ്റ് അടുത്തിടെയാണ് പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ പ്രവർത്തനം വലിയ തോതിലേക്ക് മാറ്റുന്നത്. നിയമവിരുദ്ധമായാണ് ഈ യൂണിറ്റ് പ്രവർത്തിക്കുന്നതെന്നുമാണ് നാട്ടുകാരുടെ ആരോപണം.

കൂവപ്പടി പഞ്ചായത്തിലെ പതിനൊന്നാം വാർഡിലാണ് മഞ്ജു ഇൻഡസ്ട്രിയൽ എന്ന മെറ്റൽ ക്രഷർ പ്രവർത്തിക്കുന്നത്. ക്രഷർ യൂണിറ്റ് 1992 ലാണ് പ്രവർത്തനം ആരംഭിക്കുന്നത്. സമീപത്തായി 25 കുടുംബങ്ങളാണ് താമസിക്കുന്നത്. ഏറെക്കാലം യൂണിറ്റിന്റെ പ്രവർത്തനം ചെറിയ തോതിലാണ് നടന്നിരുന്നത്. എന്നാൽ കുറച്ച് മാസങ്ങൾക്ക് മുൻപ് ക്രഷർ ലീസിന് നൽകിയതോടെ പ്രവർത്തനം വലിയ രീതിയിൽ പുനരാരംഭിച്ചു. പുതിയ യന്ത്രങ്ങൾ സ്ഥാപിച്ചാണ് വൻ തോതിൽ മെറ്റൽ ഉത്പാദനം നടത്തുന്നത്. ഇതോടെ പ്രദേശവാസികളുടെ സ്വൈര്യജീവിതത്തെ തന്നെ ബാധിച്ചിരിക്കുകയാണ്. പരാതികളെ തുടർന്ന് ക്രഷറിന്റെ പ്രവർത്തനം പലപ്പോഴും നിർത്തിവെച്ചിരുന്നു. അസഹനീയമായ ശബ്ദവും, വായുമലിനീകരണവും, ജലമലിനീകരണവുമാണ് ക്രഷറിന്റെ പ്രവർത്തനം കാരണം നാട്ടൂകാർക്ക് അനുഭവിക്കേണ്ടി വരുന്നത്.

കുട്ടികളുടെ ആരോഗ്യത്തെയും വിദ്യാഭ്യാസത്തെയും പോലും ബാധിച്ച വിഷയത്തിൽ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന ആക്ഷേപവുമുണ്ട്. ജനങ്ങൾ തിങ്ങിപാർക്കുന്ന സ്ഥലത്ത് നിയവിരുദ്ധമായി പ്രവർത്തിക്കാൻ അധികാരികൾ അവസരമൊരുക്കി കൊടുക്കുന്നത് സാമ്പത്തിക ലാഭം മുന്നിൽ കണ്ടാണെന്നും നാട്ടുകാർ പറയുന്നു. സംഭവമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തിലും, ജില്ലാ കളക്ടർക്കും ഉൾപ്പെടെ നാട്ടുകാർ പരാതി നൽകിയിട്ടും പണത്തിന്റെയും രാഷ്ട്രീയത്തിന്റെയും സ്വാധീനം ഉപയോഗിച്ച് ക്രഷർ പ്രവർത്തനം തുടരുകയാണ്. പ്രദേശവാസികളായ 25 കുടുംബങ്ങളാണ് പരാതി നൽകിയിരിക്കുന്നത്. എന്നാൽ പരാതിയിൽ കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന ആക്ഷേപവുമുണ്ട്. നാട്ടുകാർ ചേർന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിലും പരാതി നൽകിയിരുന്നു.

കഴിഞ്ഞ ഓഗസ്റ്റിൽ യൂണിറ്റിൽ ശബ്ദ ഗുണനിലവാര പരിശോധന നടത്തി. പരിശോധനയിൽ ശബ്ദത്തിന്റെ തോത് ദേശീയ പരിസ്ഥിതി മാനദണ്ഡങ്ങളിൽ നിർദ്ദേശിച്ചിട്ടുള്ളതിനേക്കാളും കൂടുതലാണെന്നും കണ്ടെത്തി. തുടർന്ന് ശബ്ദ നിയന്ത്രണം ഏർപ്പെടുത്തുന്നതിനായി കർശന നിർദ്ദേശങ്ങളും യൂണിറ്റിന് നൽകി. എന്നാൽ 2024 സെപ്റ്റംബർ മാസം നടത്തിയ പരിശോധനയിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയ നിർദ്ദേശങ്ങളൊന്നും യൂണിറ്റ് പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനാൽ സ്ഥാപനത്തിനെതിരെ വീണ്ടും നോട്ടീസ് അയച്ചു. പിന്നീട് നിർദേശങ്ങൾ പാലിച്ചതായി യൂണിറ്റ് ഉടമ മറുപടി സമർപ്പിച്ചതിനെ തുടർന്ന് നവംബറിൽ വീണ്ടും പരിശോധന നടന്നു. വായു, ശബ്ദ ഗുണനിലവാര പരിശോധനകളിൽ ശബ്ദത്തിന്റെ തോത് നിർദ്ദേശിച്ചിട്ടുള്ളതിനേക്കാളും കൂടുതലാണെന്ന് വീണ്ടും കണ്ടെത്തി.

സംസ്ഥാന മലിനീകരണ ബോർഡിന് ഉടമസ്ഥൻ നൽകിയ മറുപടിയിൽ ക്രഷർ യൂണിറ്റ് സ്ഥിതി ചെയ്യുന്നത് കൊച്ചിൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും 3 കിലോമീറ്റർ മാത്രം അകലയാണെന്നും, വിമാന റൂട്ടായതിനാലാണ് ശബ്ദ പരിശോധനയിൽ യൂണിറ്റിനെതിരായി റിപ്പോർട്ട് വരാൻ കരണമായതെന്നുമായിരുന്നു ഉടമസ്ഥന്റെ വിശദീകരണം. മാത്രമല്ല ശബ്ദമലിനീകരണ നിയന്ത്രണ നിയമ പ്രകാരം ശബ്ദ നില 10 ഡെസിബലിൽ കൂടുന്ന പക്ഷം മാത്രമേ പരാതിക്ക് സാധുതയുള്ളുവെന്നുമായിരുന്നു ഉടമസ്ഥന്റെ വാദം. യൂണിറ്റിന്റെ ലോഡിങ് സമയം നീട്ടി നൽകണമെന്ന ആവശ്യവും സംസ്ഥാന മലിനീകരണ ബോർഡിന് മുൻപാകെയെത്തി. ഒരു വാർഡിലെ ജനങ്ങൾ മുഴുവൻ എതിർപ്പുമായി രംഗത്തെത്തിയിട്ടും, അധികാരികൾ ഇടപെട്ടിട്ടും ക്രഷർ യൂണിറ്റിന്റെ പ്രവർത്തനം ഇപ്പോഴും സജീവമാണ്. ജനങ്ങളുടെ ആരോഗ്യവും, സ്വൈര്യജീവിതവും പരിഗണിച്ച് വിഷയത്തിൽ അധികാരികൾ ഇടപെടേണ്ടത് അനിവാര്യമാണ്.

Tags:    

Similar News