തെരുവ് നായ്ക്കളുടെ കുരകേട്ട് ആന വിരണ്ടു; ഇടഞ്ഞ ആനയുടെ മുകളില്‍ പാപ്പാന്‍ കുടുങ്ങിയത് പത്ത് മണിക്കൂര്‍: താഴെയിറക്കിയത് ആനയെ മയക്കു വെടിവെച്ച ശേഷം

തെരുവ് നായ്ക്കളുടെ കുരകേട്ട് ആന വിരണ്ടു; ഇടഞ്ഞ ആനയുടെ മുകളില്‍ പാപ്പാന്‍ കുടുങ്ങിയത് പത്ത് മണിക്കൂര്‍

Update: 2024-11-04 01:15 GMT

പന്തളം: പത്തനംതിട്ട കൂരമ്പാലയില്‍ ഇടഞ്ഞ ആനയുടെ മുകളില്‍ പാപ്പാന്‍ കുടുങ്ങിയത് 10 മണിക്കൂര്‍. ഒടുവില്‍ രാത്രിയോടെ മയക്കു വെടിവെച്ചാണ് പാപ്പാനെ താഴെയിറക്കിയത്. തെരുവുനായ്ക്കള്‍ കുരച്ചപ്പോള്‍ ആന പേടിച്ച് വിരണ്ട് ഓടുകയായിരുന്നു. ഇതോടെ ആനയുടെ മുകളില്‍ ഉണ്ടായിരുന്ന പാപ്പാന്‍ പെട്ടു. ഒടുവില്‍ കെട്ടിയിട്ട ആനയെ മയക്കുവെടിവെച്ച ശേഷമാണ് പാപ്പാനെ താഴെയിറക്കിയത്. ചേര്‍ത്തല മായിത്തറ സ്വദേശി കുഞ്ഞുമോനാണ് ആനപ്പുറത്ത് കുടുങ്ങിയത്.

ഞായറാഴ്ച രാവിലെ 11.30-ഓടെയാണ് സംഭവം. കുളനടയില്‍ തടിപിടിക്കാന്‍ കൊണ്ടുവന്നതായിരുന്നു ഹരിപ്പാട് അപ്പു എന്ന ആനയെ. തെരുവുനായ്ക്കള്‍ കുരച്ച് പിന്നാലെ കൂടിയതോടെ് ആന പരിഭ്രാന്തിയിലായി. വിരണ്ടോടിയ ആന പരിസരത്തുള്ള രവീന്ദ്രന്‍ എന്നയാളുടെ പറമ്പിലേക്കാണ് ഓടിക്കയറിയത്. ആദ്യ ഘട്ടത്തില്‍ പറമ്പിലെ ഏതാനും റബ്ബര്‍ മരങ്ങള്‍ കുത്തിമറിക്കുകയും പിന്നീട് തൊട്ടടുത്ത പുരയിടത്തില്‍ കയറി നിലയുറപ്പിക്കുകയും ആയിരുന്നു.

എങ്കിലും പേടിച്ചിട്ട് ആനയുടെ പരിസരത്ത് പോലും അടുക്കാനായില്ല. ഒടുവില്‍ രണ്ടും മൂന്നും പാപ്പാന്മാര്‍ ചേര്‍ന്ന് വൈകിട്ട് അഞ്ചരയോടെ ആനയെ തളച്ചു. മരത്തില്‍ ബന്ധിച്ച ശേഷവും ആന അസ്വസ്ഥതകള്‍ കാണിക്കുന്നത് തുടര്‍ന്നതോടെയാണ് ഒന്നാം പാപ്പാനായ കുഞ്ഞുമോന് താഴെയിറങ്ങാന്‍ കഴിയാതെയായത്. വൈകുന്നേരത്തോടെ സ്ഥലത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായി. ഈ സമയമെല്ലാം പാപ്പാന്‍ ആനപ്പുറത്ത് തുടര്‍ന്നു.

മഴയില്‍ സ്ഥലത്ത് വൈദ്യുതിബന്ധം കൂടി വിച്ഛേദിക്കപ്പെട്ടതോടെ മയക്കുവെടി വെക്കാനും കാലതാമസം നേരിട്ടു. ഒടുവില്‍ രാത്രി 9.45-ഓടെയാണ് ആനയ്ക്ക് മയക്കുവെടി വെക്കാനായത്. വനംവകുപ്പിന്റെ സാന്നിധ്യത്തിലാണ് ആനയെ മയക്കുവെടിച്ചത്. ശേഷം 15 മിനിറ്റോളം കാത്തിരുന്നു. ആന മയങ്ങിത്തുടങ്ങിയ ശേഷമാണ് കുഞ്ഞുമോന് താഴെയിറങ്ങാനായത്. ഇയാളെ ഉടന്‍ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags:    

Similar News