മമ്മൂട്ടിയുടെ 'വാത്സല്യം'വീണ്ടും; പുതിയ പദ്ധതിയില്‍ 100 കുട്ടികള്‍ക്ക് സൗജന്യ റോബോട്ടിക്ക് ശസ്ത്രക്രിയ
മമ്മൂട്ടിയുടെ 'വാത്സല്യം'വീണ്ടും
കൊച്ചി : പതിനാല് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ റോബോട്ടിക്ക് ശസ്ത്രക്രിയ പദ്ധതിയുമായി നടന്‍ മമ്മൂട്ടി. വാത്സല്യം എന്ന പേരില്‍ ആരംഭിച്ച പദ്ധതിയുടെ പ്രഖ്യാപനം മമ്മൂട്ടി തന്റെ സോഷ്യല്‍ മീഡിയ അക്കൌണ്ട് വഴി നിര്‍വ്വഹിച്ചു. ആലുവ രാജഗിരി ആശുപത്രിയുമായി ചേര്‍ന്നാണ് മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ പദ്ധതി നടപ്പാക്കുന്നത്. സാമ്പത്തികമായി പ്രയാസപ്പെടുന്ന കുടുംബങ്ങളിലെ 14 വയസ്സിന് താഴെയുളള കുട്ടികള്‍ക്ക് ഹൃദയ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള റോബോട്ടിക്ക് ശസ്ത്രക്രിയകള്‍ക്ക് പുതിയ പദ്ധതി പ്രയോജനപ്പെടും.
കഴിഞ്ഞ മാസം അവസാനം നിദ ഫാത്തിമ എന്ന ഏഴുവയസ്സുകാരിക്ക് രാജഗിരിയില്‍ നടന്ന ഹൃദയശസ്ത്രക്രിയ ഈ പദ്ധതിയിലെ ആദ്യത്തേതായിരുന്നു. ഒരു ആരാധകന്‍ വഴി നിദയുടെ അവസ്ഥ അറിഞ്ഞ മമ്മൂട്ടി വിഷയത്തില്‍ ഇടപെട്ടത് അന്ന് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. പദ്ധതിയുടെ ഭാഗമായി ഇനി 99 കുട്ടികള്‍ക്ക് കൂടി അത്യാധുനിക ശസ്ത്രകിയകള്‍ നടത്തും. മുതിര്‍ന്നവര്‍ക്ക് മാത്രമായി ആരോഗ്യപദ്ധതികള്‍ നടപ്പാക്കുന്നതില്‍ കാര്യമില്ലെന്നും കുട്ടികളുടെ കരുതല്‍ പ്രധാനമാണെന്നുമുള്ള മമ്മൂട്ടിയുടെ നിര്‍ദേശമാണ് പദ്ധതിയുടെ പിറവിക്ക് പിന്നില്‍.
കുട്ടികളുടെ ആരോഗ്യപരിരക്ഷയില്‍ നിര്‍ണായക ചുവടുവയ്പായി പദ്ധതി മാറുമെന്നാണ് പ്രതീക്ഷയെന്ന് രാജഗിരി ആശുപത്രി എക്‌സിക്യൂട്ടിവ് ഡയറക്ടറും, സിഇഒയുമായ ഫാ.ജോണ്‍സണ്‍ വാഴപ്പിളളി സിഎംഐ പറഞ്ഞു. ഹൃദ്രോഗികളുടെ ശസ്ത്രക്രിയക്ക് സഹായം നല്‍കാന്‍ ആരംഭിച്ച ഹൃദ്യം പദ്ധതിയുടെ തുടര്‍ച്ചയാണ് വാത്സല്യം. 2022 മെയ് 25 ന് തുടക്കം കുറിച്ച ഹൃദ്യം പദ്ധതിയുടെ ഭാഗമായി ഇതിനോടകം 65 രോഗികള്‍ക്ക് സൌജന്യമായും, എണ്‍പതോളം രോഗികള്‍ക്ക് ശസ്ത്രക്രിയയില്‍ ഇളവും നല്‍കാന്‍ കഴിഞ്ഞെന്ന് കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ കെ മുരളീധരന്‍ പറഞ്ഞു.
രാജഗിരി ആശുപത്രി പീഡിയാട്രിക് സര്‍ജന്‍ ഡോ. വിനീത് ബിനുവാണ് ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കുന്നത്. വൃക്ക, മൂത്രാശയം എന്നിവയുമായി ബന്ധപ്പെട്ടുളള പൈലോപ്ലാസ്റ്റി, യൂറിറ്ററിക് റീ-ഇംപ്ലാന്റേഷന്‍ സര്‍ജറികള്‍, കരളുമായി ബന്ധപ്പെട്ട കോളിഡോക്കല്‍ സിസ്റ്റ് സര്‍ജറി, അന്നനാളം ആമാശയം എന്നിവയുമായി ബന്ധപ്പെട്ട ഫണ്ടോപ്ലിക്കേഷന്‍ സര്‍ജറി, ജന്മനാ നെഞ്ചില്‍ കാണുന്ന മുഴകള്‍ നീക്കുന്നതിനുളള സര്‍ജറി ഉള്‍പ്പെടെ പദ്ധതി വഴി ലഭിക്കുമെന്ന് രാജഗിരി അധികൃതര്‍ അറിയിച്ചു.
പദ്ധതിയില്‍ പങ്കാളികളാകുവാന്‍ കെയര്‍ ആന്‍ഡ് ഷെയര്‍ ഭാരവാഹികളെ 0484-2377369, 95620 48414 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.