അപകടത്തിൽപ്പെട്ട യുവാവ് മരിച്ചത് ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണമെന്ന് ബന്ധുക്കൾ; അങ്ങനെ ഒന്നും നടന്നിട്ടില്ലെന്ന് ഡോക്ടർമാർ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് നിർണായകമാകും

Update: 2025-11-04 10:41 GMT

കാസർകോട്: മൊഗ്രാൽ പെർവാർഡിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച യുവാവിന്റെ ബന്ധുക്കൾ ചികിത്സാ പിഴവ് ആരോപിച്ച് രംഗത്ത്. ആരിക്കാടി സ്വദേശി ഹരീഷ് (37) ആണ് മരിച്ചത്. ചികിത്സയിൽ അശ്രദ്ധയുണ്ടായതാണ് മരണത്തിനിടയാക്കിയതെന്ന് ആരോപിച്ച് ബന്ധുക്കൾ കുമ്പള സഹകരണ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു.

ബന്ധുക്കളുടെ നിലവിലെ ആവശ്യം, പരിയാരം മെഡിക്കൽ കോളേജിൽ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തതിന് ശേഷം ലഭിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുക എന്നതാണ്.

എന്നാൽ, ആരോപണങ്ങൾ നിഷേധിച്ച് കുമ്പള സഹകരണ ആശുപത്രി അധികൃതർ രംഗത്തെത്തി. അപകടത്തെത്തുടർന്ന് അതീവ ഗുരുതരാവസ്ഥയിലാണ് ഹരീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും, ഇയാൾ മദ്യപിച്ചിരുന്നു എന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

തുടർച്ചികിത്സയ്ക്കായി സ്കാൻ ചെയ്യേണ്ടതുണ്ടായിരുന്നെങ്കിലും, രോഗി അതിന് സമ്മതിച്ചില്ലെന്നും, ഇത് ചികിത്സ വൈകിപ്പിക്കാൻ കാരണമായെന്നും അവർ കൂട്ടിച്ചേർത്തു. രോഗിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അപ്പോൾത്തന്നെ കുടുംബാംഗങ്ങളെ അറിയിച്ചിരുന്നതായും ആശുപത്രി അധികൃതർ വിശദീകരിച്ചു.

Tags:    

Similar News