ലോട്ടറി ടിക്കറ്റിനെ ചൊല്ലിയുള്ള തർക്കം ഒടുവിൽ കലാശിച്ചത് വൻ ദുരന്തത്തിലേക്ക്; കലി കയറി സ്വന്തം പിതാവിനെ തലയ്ക്കടിച്ച് അരുംകൊല; മകൻ ഇനി അഴിയെണ്ണും
തിരുവനന്തപുരം: സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ സ്വന്തം പിതാവിനെ മാരകമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം ശിക്ഷ. നെടുമങ്ങാട് സ്വദേശി ആന്റണിയെ കൊലപ്പെടുത്തിയ മകൻ വിനോദിനെയാണ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തം കഠിനതടവിനൊപ്പം 50,000 രൂപ പിഴയും വിനോദ് അടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു.
2022 ജൂലൈയിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ആന്റണി എടുത്ത ലോട്ടറി ടിക്കറ്റിന് സമ്മാനം ലഭിച്ചിരുന്നു. ഈ ടിക്കറ്റ് കൈക്കലാക്കാൻ മകൻ വിനോദ് ശ്രമിച്ചെങ്കിലും ആന്റണി അത് നൽകാൻ തയ്യാറായില്ല. ഇതിൽ പ്രകോപിതനായ വിനോദ് പിതാവിനെ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. മകന്റെ തലയ്ക്കടിയേറ്റ ആന്റണിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ 25 ദിവസത്തോളം ജീവനുവേണ്ടി പോരാടിയെങ്കിലും ഒടുവിൽ ആന്റണി മരണത്തിന് കീഴടങ്ങി. തുടർന്ന് നെടുമങ്ങാട് പോലീസ് വിനോദിനെ അറസ്റ്റ് ചെയ്യുകയും കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. കൃത്യമായ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് കോടതി ഇപ്പോൾ വിധി പുറപ്പെടുവിച്ചത്.