മഴ വെള്ളം ഇറങ്ങിയതും നാട്ടുകാർക്ക് ഭയം; ഗതാഗതത്തിനായി തുറന്നു നൽകിയ മേൽപാതയിൽ 'വിള്ളൽ' കണ്ടെത്തി; കൂടെ അപകടകരമായ രീതിയിൽ ഒരു ചരിവും; പിന്നിലെ കാരണം പറഞ്ഞ് അധികൃതർ

Update: 2026-02-27 10:02 GMT

കൊല്ലം: ദേശീയപാതയിൽ ഗതാഗതത്തിനു തുറന്നു നൽകിയ മേൽപാതയിൽ വിള്ളൽ. ഏതാനും ദിവസം മുൻപ് ഗതാഗതത്തിന് തുറന്നു നൽകിയ ചാത്തന്നൂർ തിരുമുക്കിലെ മേൽപാതയിലാണ് വിള്ളൽ കണ്ടെത്തിയത്. ഇതോടെ, തുറന്നു നൽകിയ മേൽപ്പാത രണ്ടു ദിവസം മുൻപ് അടച്ചു. തിരുമുക്കിലെ അടിപ്പാതയ്ക്കു കിഴക്ക് തിരുവനന്തപുരം ഭാഗത്തേക്കുള്ള പാതയിൽ നീളത്തിലാണ് വിള്ളൽ സംഭവിച്ചിട്ടുള്ളത്. പാതയ്ക്കു ചരിവ് വന്നതായും നാട്ടുകാർ ആരോപിക്കുന്നു.

കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയ്ക്കു ശേഷമാണ് വിള്ളൽ രൂപപ്പെട്ട തെന്നാണ് പ്രാഥമിക നിഗമനം. വിള്ളലിലൂടെ മഴ വെള്ളം ഇറങ്ങി വലിയ അപകടത്തിന് സാധ്യതയുള്ളതായി നാട്ടുകാർ ഭയക്കുന്നു. ചാത്തന്നൂർ ജംഗ്ഷനിൽ നിർമാണം അവസാന ഘട്ടത്തിൽ എത്തിയ മേൽപാതയുടെ ഭാഗം കുത്തി പൊളിച്ചിരുന്നു. ഈ രീതിയിൽ നിർമാണത്തിലെ അപാകതയാണ് വിള്ളലിന് കാരണം എന്നും ആക്ഷേപമുണ്ട്. തിരുമുക്കിലെ മേൽപാത നിർമാണത്തിന്റെ തുടക്കം മുതൽ പരാതികളുടെ പ്രളയമാണ്. ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെയുള്ള അശാസ്ത്രീയ നിർമ്മാണ രീതി എന്നാണ് ആക്ഷേപം.

ഇതിനിടെ ദേശീയപാത നിര്‍മ്മാണത്തിന്‍റെ ഭാഗമായി അടിപ്പാതയില്‍ സ്ഥാപിച്ച പാര്‍ശ്വഭിത്തിയിലെ കൂറ്റന്‍ സ്ലാബ് സര്‍വീസ് റോഡിലേക്ക് പതിച്ചു. ഈ സമയം റോഡിലൂടെ പോയ വാഹനയാത്രികര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അടിപ്പാത നിര്‍മ്മാണത്തിനായി മണ്ണടിച്ച് ഉയര്‍ത്തിയ ഭാഗത്ത് സ്ഥാപിച്ച കോണ്‍ക്രീറ്റ് പാര്‍ശ്വഭിത്തികളിലൊന്നാണ് താഴേക്ക് വീണത്. ചാലക്കുടിയിലേക്കുള്ള ട്രാക്കില്‍ മുരിങ്ങൂരിന് സമീപത്താണ് കോണ്‍ക്രീറ്റ് സ്ലാബ് സര്‍വീസ് റോഡിലേക്ക് വീണത്.

ചൊവ്വാഴ്ച രാവിലെ 11ഓടെയായിരുന്നു സംഭവം. ചിറങ്ങരയില്‍ ആഴ്ചകള്‍ക്ക് മുമ്പ് മൂന്ന് തവണ പാര്‍ശ്വ ഭിത്തി സര്‍വീസ് റോഡിലേക്ക് വീണിട്ടുണ്ട്. അശാസ്ത്രീയമായ നിര്‍മ്മാണമാണ് ഇതിന് കാരണമെന്നാണ് ആരോപണം. മണ്ണിട്ട് റോഡ് ഉയര്‍ത്തുമ്പോള്‍ സ്വീകരിക്കേണ്ടതായ ശാസ്ത്രീയ നിര്‍മ്മാണ രീതികള്‍ ഇവിടെ ചെയ്യുന്നില്ലെന്നും ആക്ഷേപമുണ്ട്. പാര്‍ശ്വ ഭിത്തികള്‍ വീഴുമ്പോള്‍ ഉടന്‍ അത് സര്‍വീസ് റോഡില്‍നിന്നും നീക്കം ചെയ്ത് വീണ്ടും ഘടിപ്പിക്കുന്നത് മാത്രമാണ് ഇവിടെ നടക്കുന്നത്.

മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാതെ വാഹനങ്ങള്‍ പോകുന്ന സമയത്താണ് ഇവിടെ പാര്‍ശ്വ ഭിത്തികള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ നടക്കുന്നത്. ചിറങ്ങരയില്‍ സുരക്ഷാ ക്രമീകരണങ്ങളില്ലാതെ പ്രവര്‍ത്തി നടത്തിയതിനെ തുടര്‍ന്ന് ഒരു തൊഴിലാളിയുടെ ദേഹത്തേക്ക് സ്ലാബ് വീണ സംഭവം വരെയുണ്ടായിട്ടുണ്ട്. ചിറങ്ങരയില്‍ പ്രവര്‍ത്തികള്‍ നടക്കുന്ന സമയത്താണ് മൂന്നിലധികം തവണ പാര്‍ശ്വഭിത്തിയിലെ സ്ലാബ് വീണത്. എന്നാല്‍ മുരിങ്ങൂരില്‍ ദിവസങ്ങള്‍ക്കുമുമ്പ് സ്ഥാപിച്ച സ്ലാബാണ് പാര്‍ശ്വഭിത്തിയില്‍നിന്നും അടര്‍ന്ന് വീണത്.

Tags:    

Similar News