ടിടിഇ ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ സ്വഭാവം മാറി; ഒന്നും നോക്കാതെ ട്രെയിനിൽ നിന്ന് ശീതളപാനീയ കച്ചവടക്കാരന്‍ എടുത്തു ചാടി; മുഖത്ത് പരിക്ക്; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Update: 2025-09-10 11:00 GMT

താനൂർ: മലപ്പുറം താനൂരിൽ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിൻ ഓടുന്നതിനിടെ ടിക്കറ്റും രേഖകളും ആവശ്യപ്പെട്ടതിനെ തുടർന്ന് ശീതളപാനീയ കച്ചവടക്കാരൻ ട്രെയിനിൽ നിന്ന് ചാടി. താനൂർ പാണ്ടിമുറ്റം സ്വദേശി അഷ്‌ക്കറിനാണ് ഈ സംഭവത്തിൽ സാരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

താനൂർ റെയിൽവേ സ്റ്റേഷൻ വിട്ട് വേഗത്തിൽ ഓടിക്കൊണ്ടിരിക്കുകയായിരുന്ന ട്രെയിനിലാണ് സംഭവം നടന്നത്. ടിക്കറ്റ് എക്സാമിനർ (ടിടിഇ) ടിക്കറ്റും യാത്രാ രേഖകളും ആവശ്യപ്പെട്ടതിനെ തുടർന്ന് അഷ്‌ക്കർ ട്രെയിനിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ടിടിഇ നടപടി എടുക്കുമെന്ന് അറിയിച്ച് പിന്തുടർന്നപ്പോഴാണ് അഷ്‌ക്കർ ഈ കടുത്ത നടപടിക്ക് മുതിർന്നത്.

ട്രെയിൻ കടന്നുപോയതിന് ശേഷം നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് താനൂർ ചിറക്കൽ ഓവുപാലത്തിന് സമീപത്ത് നിന്ന് പരിക്കുകളോടെ അഷ്‌ക്കറിനെ കണ്ടെത്തിയത്. ഉടൻതന്നെ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. 

Tags:    

Similar News