മഞ്ചേശ്വരം ഇരട്ടക്കൊലപാതക പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുത്തു; ഉമ്മർ ഫറൂഖിനെ കണ്ടതും പ്രതിഷേധവുമായി കുടുംബം; കൊലപാതകം വിവരിച്ച് പ്രതി
കാസർകോട്: മഞ്ചേശ്വരം തുമിനാട്ടെ ഇരട്ടക്കൊലപാതകക്കേസിലെ മുഖ്യപ്രതി ഉമ്മർ ഫറൂഖിനെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുത്തു. കൊലപാതകം നടന്ന സാഹചര്യം, കൃത്യം നടത്തിയത് എങ്ങനെയെന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ പ്രതി പൊലീസിനോട് വിശദീകരിച്ചു. തെളിവെടുപ്പിനായി പ്രതിയെ കൊലപാതകം നടന്ന വീട്ടിലെത്തിച്ചപ്പോൾ, ഭാര്യ താഹിറയും മറ്റ് ബന്ധുക്കളും ഉമ്മർ ഫറൂഖിനെതിരെ വലിയ പ്രതിഷേധമുയർത്തി.
പ്രതി സംഭവത്തെക്കുറിച്ച് വിശദീകരിക്കുന്നത് പൊലീസ് രേഖപ്പെടുത്തി. ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് ഉമ്മർ ഫറൂഖ് തന്റെ ഏകമകളായ 18 വയസ്സുകാരി മറിയം ജുമൈലയെയും ബന്ധു ഷേക്കുഞ്ഞിയെയും വെട്ടിക്കൊലപ്പെടുത്തിയത്. ഉമ്മർ ഫറൂഖും ഭാര്യ താഹിറയും തമ്മിലുള്ള കുടുംബ പ്രശ്നങ്ങൾ സംസാരിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കമാണ് ഇരട്ടക്കൊലപാതകത്തിൽ കലാശിച്ചത്.
പ്രതി ഷേക്കുഞ്ഞിയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ പുതിയ കത്തി വാങ്ങിയാണ് സംഭവസ്ഥലത്തെത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതി ഉമ്മര്‍ ഫാറൂഖ് വര്‍ഷങ്ങളായി കടുത്ത മയക്കുമരുന്ന് ഉപയോഗത്തിന് അടിമയായിരുന്നു. ലഹരിമൂലം വീട്ടിലുണ്ടായ സാമ്പത്തിക-മാനസിക പീഡനങ്ങള്‍ സഹിക്കവയ്യാതെയാണ് ഭാര്യ താഹിറയും മക്കളും ഇയാളില്‍ നിന്നും അകന്നത്. ഒടുവില്‍ ബന്ധം വേര്‍പെടുത്തുക എന്ന തീരുമാനത്തിലേക്ക് കുടുംബം എത്തിയതോടെ ഉമ്മര്‍ ഫാറൂഖ് അക്രമാസക്തനാവുകയായിരുന്നു.
ഭാര്യയുടെ പേരിലേക്ക് മാറ്റിയ 10 സെന്റ് ഭൂമി തിരികെ വേണമെന്ന ആവശ്യമാണ് തര്‍ക്കത്തിന്റെ പ്രധാന കേന്ദ്രം. കുടുംബം തന്നെ കൈവിടുകയാണെന്നും സ്വത്ത് നഷ്ടപ്പെടുമെന്നും ഉറപ്പായതോടെ പ്രതി കൊലപാതകം ആസൂത്രണം ചെയ്തു. ആക്രമണത്തിനായി ഇയാള്‍ മുന്‍കൂട്ടി പുതിയ കത്തി വാങ്ങി സൂക്ഷിച്ചിരുന്നതായി പോലീസ് കണ്ടെത്തി. ആക്രമണത്തില്‍ ഇല്ലാതായത് ഒരു പിതാവിനെ സ്‌നേഹിക്കേണ്ടിയിരുന്ന മകളുടെയും കുടുംബത്തിന് തുണയായിരുന്ന ബന്ധുവിന്റെയും ജീവനായിരുന്നു.