വയനാട് കാട്ടിക്കുളത്ത് വൻ മയക്കുമരുന്ന് വേട്ട; ആഢംബര കാറിൽ നിന്നും എക്സൈസ് പിടിച്ചെടുത്തത് ലക്ഷങ്ങൾ വിലവരുന്ന മാജിക് മഷ്റൂം; ബംഗളൂരു സ്വദേശി അറസ്റ്റിൽ

Update: 2024-10-05 06:28 GMT

വയനാട്: വയനാട് കാട്ടിക്കുളത്ത് വൻ ലഹരി മരുന്ന് വേട്ട. ആഢംബര കാറിൽ കടത്തുകയായിരുന്ന മാജിക് മഷ്റൂം, കഞ്ചാവ്, ചരസ് എന്നിവയാണ് വാഹന പരിശോധനക്കിടെ എക്സൈസ് പിടിച്ചെടുത്തത്. 276 ഗ്രാം മാജിക് മഷ്റൂം ആണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. 13.2 ഗ്രാം കഞ്ചാവ്, 6.59 ഗ്രാം ചരസ്സ് എന്നിവയും കണ്ടെടുത്തിട്ടുണ്ട്. കേരളത്തിൽ ഇത്രയും മാജിക് മഷ്‌റൂം കണ്ടെടുക്കുന്നത് ഇത് ആദ്യമാണ്. സംഭവത്തിൽ ബംഗളൂരു സ്വദേശി രാഹുൽ റായ് അറസ്റ്റിലായി.

ലോക വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തതെന്നാണ് അധികൃതർ നൽകുന്ന വിവരം. പ്രതി മാജിക്‌ മഷ്‌റൂം ഫാം ബാംഗ്ലൂരിൽ നടത്തുന്നുണ്ടെന്നാണ് എക്സൈസ് സംശയിക്കുന്നത്. പ്രതി സ്വന്തമായി മാജിക് മഷ്‌റൂം നിർമിച്ച് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്കും വിദേശത്തേക്കും കയറ്റി അയക്കുന്നയാളാണ്.

മറ്റ് സ്ഥലങ്ങളിലേക്ക് വിപണന നടത്തുന്നതിനായി മംഗലാപുരത്തേക്ക് കൊണ്ടുപോകവെയാണ് പിടിയിലായതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ കീഴിൽ വലിയൊരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് അതികൃതരുടെ നിഗമനം. കൂടുതൽ പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്. കുറച്ച് കാലങ്ങളായി അതിർത്തി പ്രദേശങ്ങളിലുൾപ്പെടെ മയക്കുമരുന്നുകൾ വലിയ തോതിൽ കടത്താൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. എന്നാൽ വിവിധ പോലീസ് വകുപ്പുകൾ ശക്തമായ പരിശോധനകളും ഈ പ്രദേശങ്ങളിൽ നടത്തി വരുന്നുണ്ട്. 

Tags:    

Similar News