യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് 12 ലക്ഷം രൂപ തട്ടിയെടുത്ത പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്;ഒളിവിൽ കഴിയുന്നതിനിടെ പൊക്കി

Update: 2026-02-19 17:04 GMT

കൊച്ചി: യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് 12 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തൃശൂർ സ്വദേശി അറസ്റ്റിൽ. തൃശൂർ അത്താണി മാളിയേക്കൽ ബെന്നി (57) യെയാണ് പിറവം പോലീസ് വടക്കാഞ്ചേരിയിലെ ഭാര്യ വീട്ടിൽ നിന്ന് പിടികൂടിയത്. പിറവം സ്വദേശിയായ ഒരു യുവാവിൽ നിന്നാണ് ഇയാൾ 2023 മാർച്ചിൽ പണം തട്ടിയെടുത്തത്.

സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ബെന്നിയെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പോലീസ് വലയിലാക്കിയത്. ഈ കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. കണ്ണൂർ, തൃശൂർ ജില്ലകളിലായി 13 മറ്റ് കേസുകളിലും ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

പുത്തൻകുരിശ് ഡിവൈഎസ്പി നിഷാദ് മോന്‍റെ നിർദേശപ്രകാരം പിറവം എസ്എച്ച്ഒ സന്തോഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്ഐ സെയ്തു മുഹമ്മദ്, എൻ.പി.ബിജു, എഎസ്ഐമാരായ ചന്ദ്രബോസ്, സന്ദീപ്, യോഹന്നാൻ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് ബെന്നിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ബെന്നിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായും, കേസിൽ കൂടുതൽ പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

Tags:    

Similar News