കാസര്‍ഗോഡ് ക്രിക്കറ്റ് ഗ്രൗണ്ട് പൊതു ആവശ്യം; സര്‍ക്കാര്‍ ഗൗരവമായി കാണണമെന്ന് ഹൈക്കോടതി; ഗ്രൗണ്ട് പൊളിക്കാനുള്ള വിലക്ക് തുടരും; കെസിഎയുടെ വാദം അംഗീകരിച്ച് കോടതി
കാസര്‍ഗോഡ് ക്രിക്കറ്റ് ഗ്രൗണ്ട് പൊതു ആവശ്യം; സര്‍ക്കാര്‍ ഗൗരവമായി കാണണമെന്ന് ഹൈക്കോടതി
കൊച്ചി: കാസര്‍ഗോഡ് ബദിയടുക്കയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ നിര്‍മ്മിച്ച ക്രിക്കറ്റ് ഗ്രൗണ്ട് പൊതു ആവശ്യമാണെന്നും സര്‍ക്കാര്‍ ഇക്കാര്യം ഗൗരവമായി കാണണമെന്നും കേരള ഹൈക്കോടതി. കയ്യേറ്റം ആരോപിച്ച് ഗ്രൗണ്ട് പൊളിച്ചുനീക്കാനുള്ള നീക്കത്തിന് കോടതി ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. വിഷയത്തില്‍ നാല് മാസത്തിനകം അന്തിമ തീരുമാനമെടുക്കാന്‍ തദ്ദേശ സ്വയംഭരണ, റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്ക് ജസ്റ്റിസ് വിജു എബ്രഹാം നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത് വരെ കോടതിയുടെ ഇടക്കാല ഉത്തരവ് നിലനില്‍ക്കും. നിര്‍മാണവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ കെസിഎ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ് ഇറക്കിയത്.
?സര്‍ക്കാര്‍ വക 1.09 ഏക്കര്‍ ഭൂമി അസോസിയേഷന്‍ കയ്യേറിയെന്ന ജില്ലാ കളക്ടറുടെ കണ്ടെത്തല്‍ ശാസ്ത്രീയമായ സര്‍വ്വേയുടെ അടിസ്ഥാനത്തിലല്ലെന്ന കെ.സി.എയുടെ വാദം കോടതി അംഗീകരിച്ചു. വിവാദമായ ഈ ഭൂമിയില്‍ ശാസ്ത്രീയമായി സര്‍വ്വേ നടത്താന്‍ അസോസിയേഷന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കാം. അത്തരമൊരു അഭ്യര്‍ത്ഥനയുണ്ടായാല്‍ ചുമതലയുള്ള അധികാരി കൃത്യമായി സര്‍വ്വേ നടത്തണമെന്നും അതിന്റെ റിപ്പോര്‍ട്ടും സ്‌കെച്ചും സര്‍ക്കാര്‍ നേരിട്ട് പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി.
?കൂടാതെ, നിര്‍ദ്ദിഷ്ട സ്ഥലത്തുണ്ടായിരുന്ന 40 സെന്റ് പുറമ്പോക്ക് തോട് നിര്‍മാണത്തിന്റെ ഭാഗമായി കയ്യേറിയെന്ന ആരോപണത്തില്‍ സ്ഥലം വാങ്ങുമ്പോള്‍ നികന്ന ഭൂമിയായിരുന്നുവെന്നും തോട് ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും കെ.സി.എ കോടതിയെ അറിയിച്ചു. തോടിന്റെ ഗതി മാറ്റിയത് വെള്ളത്തിന്റെ ഒഴുക്കിനെ ബാധിച്ചിട്ടില്ലെന്ന കളക്ടറുടെ റിപ്പോര്‍ട്ടും കോടതിയില്‍ ചൂണ്ടിക്കാട്ടി. കയ്യേറിയെന്ന് പറയുന്ന 40 സെന്റിന് പകരം തുല്യമായ മറ്റൊരു ഭൂമി പഞ്ചായത്തിന് നല്‍കുകയോ അല്ലെങ്കില്‍ പ്രസ്തുത സ്ഥലം പാട്ടത്തിന് എടുക്കുകയോ ചെയ്യാമെന്ന അസോസിയേഷന്റെ നിലപാട് ബദിയടുക്ക പഞ്ചായത്തും പഞ്ചായത്ത് ഡയറക്ടറും നേരത്തെ അംഗീകരിച്ചിരുന്നു. ഈ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചാകണം സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കേണ്ടത്. കേരള ക്രിക്കറ്റ് അസോസിയേഷനു വേണ്ടി അഡ്വ. കെ.എന്‍. അഭിലാഷ് ഹാജരായി.