മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തില്‍ വിന്‍സി അലോഷ്യസ് സഹകരിക്കും; വെളിപ്പെടുത്തിയ കാര്യങ്ങള്‍ എവിടെയും പറയാന്‍ തയാറാണെന്ന് അവര്‍ പറഞ്ഞു; നടി ഉറച്ച നിലപാടിലെന്ന് മന്ത്രി എംബി രാജേഷ്

Update: 2025-04-20 07:14 GMT

തിരുവനന്തപുരം: മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തില്‍ ഒരു മേഖലയ്ക്കും പ്രത്യേക ഇളവോ പരിഗണനയോ നല്‍കില്ലെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. ലഹരിക്കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. നടി വിന്‍സി അലോഷ്യസുമായി സംസാരിച്ചു. അവരെ അഭിനന്ദിക്കുകയും ചെയ്തു. ഉറച്ചനിലപാട് എടുത്തതിനാണ് അഭിനന്ദിച്ചത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്കൊപ്പം അഭിനയിക്കില്ല എന്നത് ധീരമായ നിലപാടാണ്. അത്തരമൊരു നിലപാട് സ്വീകരിക്കാന്‍ ചലച്ചിത്ര മേഖലയിലുള്ള മുഴുവന്‍ ആളുകളും മുന്നോട്ടുവരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തില്‍ വിന്‍സി അലോഷ്യസ് സഹകരിക്കുമെന്നും പറഞ്ഞിട്ടുണ്ട്. വെളിപ്പെടുത്തിയ കാര്യങ്ങള്‍ എവിടെയും പറയാന്‍ തയാറാണെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. അതില്‍ അവര്‍ക്ക് ആശങ്കയോ മടിയോ ഇല്ല. ഉറച്ചനിലപാട് ആണ് അവര്‍ സ്വീകരിച്ചത്. ഉറച്ചനിലപാടുള്ള വനിതയാണ് അവര്‍. വെളിപ്പെടുത്തല്‍ നടത്തിയതിന്റെ പേരില്‍ അവരെ മാറ്റി നിര്‍ത്തുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് സിനിമാ മേഖലയിലുള്ളവരാണ്. അവരാണ് ഇത്തരത്തില്‍ ധീരമായ നിലപാട് സ്വീകരിച്ച് നടിയെ സംരക്ഷിക്കേണ്ടത്. അതിന്റെ പേരില്‍ മാറ്റി നിര്‍ത്തപ്പെടാന്‍ പാടില്ല എന്ന് ഉറപ്പാക്കേണ്ടത് സിനിമ മേഖലയിലുള്ളവരാണ്. അത് സിനിമ സംഘടനകളുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു.

ലഹരിയില്‍ നിന്ന് പൂര്‍ണമായി നാടിനെ മോചിപ്പിക്കുക എന്നതാണ് ലക്ഷ്യം. സിനിമ മേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കില്ല. സെലിബ്രിറ്റി എന്നോ അല്ലാത്തവര്‍ എന്നോ ഉള്ള ഒരു വേര്‍തിരിവും ഇക്കാര്യത്തില്‍ ഉണ്ടാവില്ല. മയക്കുമരുന്ന് ഉപയോഗത്തെ സാമൂഹിക വിപത്തായിട്ടാണ് കാണുന്നത്. സാമൂഹിക വിപത്തിനെ ഒരു വിട്ടുവീഴ്ചയുമില്ലാതെ കര്‍ക്കശമായി കൈകാര്യം ചെയ്യും. ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചമര്‍ത്തും. അതാണ് സര്‍ക്കാര്‍ നിലപാടെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News