മേതില്‍ ദേവികയും മകനും ഇനി ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസത്തിന്; പെര്‍മനന്റ് വിസ പദവി അനുവദിച്ച സന്തോഷം പങ്കിട്ട് നര്‍ത്തകി
അംഗീകാരം മികച്ച പ്രതിഭ വിഭാഗത്തില്‍
തിരുവനന്തപുരം: നടിയും നര്‍ത്തകിയുമായ മേതില്‍ ദേവിക ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസം അനുവദിക്കുന്ന വിസ നേടി. ആഗോള തലത്തിലുള്ള പ്രവര്‍ത്തന മികവിനെ അടിസ്ഥാനമാക്കി ഗ്ലോബല്‍ ടാലന്റ് വിഭാഗത്തിലാണ് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ മേതില്‍ ദേവികയ്ക്ക് പെര്‍മനന്റ് റെസിഡന്റ് സ്റ്റാറ്റസ് അനുവദിച്ചത്. മേതില്‍ ദേവിക തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇതോടെ താനും മകനും ഓസ്ട്രേലിയയില്‍ സ്ഥിരമായി താമസിക്കാനുള്ള അര്‍ഹത നേടിയിരിക്കുകയാണെന്നും ഈ വിവരം അറിയിക്കുന്നതില്‍ സന്തോഷമുണ്ടെന്നും മേതില്‍ ദേവിക കുറിച്ചു.
'ഗ്ലോബല്‍ ടാലന്റ് വിഭാഗത്തില്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ എനിക്ക് സ്ഥിര താമസ പദവി അനുവദിച്ച വിവരം നിങ്ങളെ അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ആഗോളതലത്തില്‍ ഒരാളുടെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമെന്ന നിലയില്‍ മികച്ച പ്രതിഭ വിഭാഗത്തിലാണ് നേടാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഈ വിസ എനിക്ക് അനുവദിച്ചിരിക്കുന്നത്. ഇപ്പോള്‍ ഞാനും എന്റെ മകനും ഓസ്ട്രേലിയയിലെ സ്ഥിര താമസക്കാരാകാനുള്ള അര്‍ഹത നേടിയിരിക്കുകയാണ്.'' മേതില്‍ ദേവിക കുറിച്ചു.
്അതേസമയം, വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന 'കഥ ഇന്നുവരെ' എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മേതില്‍ ദേവിക. നൃത്തത്തിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
ബിജുമേനോന്‍ നായകനാകുന്ന ചിത്രത്തില്‍ നിഖില വിമല്‍, അനുശ്രീ, അനു മോഹന്‍, ഹക്കിം ഷാജഹാന്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സെപ്റ്റംബര്‍ 20 നാണ് ചിത്രം തിയറ്ററുകളിലെത്തുക.