കരമനയിൽ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദിൽ കണ്ടെത്തി; കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി
By : സ്വന്തം ലേഖകൻ
Update: 2026-01-12 08:56 GMT
തിരുവനന്തപുരം: തിരുവനന്തപുരം കരമനയിൽ നിന്ന് കാണാതായ 14 വയസ്സുകാരിയെ ഹൈദരാബാദിൽ നിന്ന് കണ്ടെത്തി. വിവരം പോലീസ് ബന്ധുക്കളെ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടിയെ കാണാതായത്. വീട് വിട്ടിറങ്ങിയ കുട്ടി തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
പിന്നീട് കുട്ടി എങ്ങോട്ടാണ് പോയതെന്നതിനെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ലാതിരുന്നതിനാൽ കരമന പോലീസ് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ ഹൈദരാബാദിൽ നിന്ന് കണ്ടെത്തിയതായി പോലീസ് അറിയിച്ചത്. കുട്ടിയെ നിലവിൽ ഒരു സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയെ ഏറ്റുവാങ്ങുന്നതിനായി ബന്ധുക്കൾ ഹൈദരാബാദിലേക്ക് പുറപ്പെടാനൊരുങ്ങുകയാണ്.