വീട്ടിൽ കയറി മുഴുവൻ ബഹളം; ആർക്കും സമാധാനം കൊടുക്കില്ല; ചില സമയം വസ്ത്രങ്ങൾ കണ്ടാൽ പോലും വെറുതെ വിടില്ല; 'കുരങ്ങ്' ശല്യത്തിൽ വലഞ്ഞ് നാട്ടുകാർ
കാട്ടാക്കട: വീടുകളിൽ അതിക്രമിച്ച് കയറി ഭക്ഷണ സാധനങ്ങൾ മോഷ്ടിക്കുകയും വസ്ത്രങ്ങൾ ഉൾപ്പെടെയുള്ളവ നശിപ്പിക്കുകയും ചെയ്യുന്ന കുരങ്ങൻമാരുടെ ശല്യം വർധിച്ചതോടെ പാങ്ങോട് പഞ്ചായത്തിലെ കാക്കാണിക്കര നിവാസികൾ ദുരിതത്തിലായി. നൂറുകണക്കിന് കുരങ്ങുകൾ കൂട്ടമായി വീടുകളിലെത്തി നാശം വിതയ്ക്കുന്നതിനാൽ പുറത്തിറങ്ങാനും ഭയക്കേണ്ട അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു.
വീടുകളുടെ ഓടുകൾ അടർത്തിയെടുത്ത് അകത്ത് കടക്കുന്ന കുരങ്ങന്മാർ പാചകം ചെയ്ത ഭക്ഷണം കഴിക്കുകയും വിസർജ്ജിക്കുകയും ചെയ്യുന്നു. വസ്ത്രങ്ങൾ പോലും മോഷ്ടിച്ചു കൊണ്ടുപോകുന്നതിനാൽ കഴുകി ഉണക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. ചില വീടുകളിൽ കുട്ടികളെയും ഇവ ആക്രമിക്കുന്നതായി പരാതിയുണ്ട്. കാട്ടുപന്നികളുടെ ശല്യവും ഇവിടെ രൂക്ഷമാണ്.
കാക്കാണിക്കരയിലെ നാൽപ്പതോളം വീടുകളിലാണ് കുരങ്ങൻമാരുടെ അതിക്രമം രൂക്ഷമായിരിക്കുന്നത്. ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് എം.എം. ഷാഫി വനംമന്ത്രിയെയും വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരെയും സമീപിച്ചിട്ടുണ്ട്. എൺപത് ശതമാനത്തോളം വനഭൂമിയുള്ള ഇവിടത്തെ ഭൂരിഭാഗം താമസക്കാരും കർഷകരും കൂലിപ്പണിക്കാരുമാണ്. ഇവർക്ക് മറ്റു സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കാനും കഴിയില്ല.
പ്രദേശത്ത് കൂടുകൾ സ്ഥാപിച്ച് കുരങ്ങുകളെ പിടികൂടി ഉൾവനത്തിലേക്ക് മാറ്റണമെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് നൽകിയ പരാതിയിലെ പ്രധാന ആവശ്യം. നിലവിൽ ഇവിടെയുള്ള പ്രശ്നത്തിന് ഇതാണ് ശാശ്വത പരിഹാരമെന്നും അടിയന്തര നടപടികൾ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.