കുളത്തിൽ കുളിക്കാനിറങ്ങിയ അമ്മയും രണ്ടു മക്കളും മുങ്ങി മരിച്ചു; സംഭവം മലപ്പുറത്ത്
By : സ്വന്തം ലേഖകൻ
Update: 2026-01-18 14:30 GMT
മലപ്പുറം: പറപ്പൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ അമ്മയും രണ്ട് മക്കൾക്കും കുളത്തിൽ മുങ്ങി മരിച്ചു. വീണാലുങ്ങൽ സ്വദേശി സൈനബ (40), മക്കളായ ഫാത്തിമ ഫർസീല (13), ആഷിഖ് (7) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടേകാലോടെ വീടിന് സമീപത്തെ പാടത്തുള്ള കുളത്തിൽ വസ്ത്രം അലക്കാനും കുളിക്കാനുമായി ഇറങ്ങിയതായിരുന്നു ഇവർ.
വൈകുന്നേരം നാലരയോടെ അതുവഴി പോയ ഒരു ഇതര സംസ്ഥാന തൊഴിലാളിയാണ് ഫാത്തിമ ഫർസീലയെ കുളത്തിൽ മരിച്ച നിലയിൽ ആദ്യം കണ്ടത്. തൊഴിലാളി വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സൈനബയുടെയും മകൻ ആഷിഖിന്റെയും മൃതദേഹങ്ങൾ കണ്ടെത്തുന്നത്. വേങ്ങര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.