ആലപ്പുഴയിൽ സ്വകാര്യ ബസിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവം; നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്; ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു

Update: 2025-07-12 16:41 GMT

ആലപ്പുഴ: ആലപ്പുഴയിൽ സ്വകാര്യ ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചു വീണ് പരിക്കേറ്റ സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. ആലപ്പുഴ-കഞ്ഞിപ്പാടം റൂട്ടിൽ ഓടുന്ന അൽ അമീൻ ബസ്സിലെ ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെയാണ് നടപടി. ഇരുവരുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു. ഡ്രൈവർ ജയകുമാർ, കണ്ടക്ടർ സുഭാഷ് എന്നിവർക്കെതിരെയാണ് നടപടി. ബസിൽ നിന്നും തെറിച്ച് വീണ് 23 കാരിയായ ദേവി കൃഷ്ണയ്ക്കാണ് പരിക്കേറ്റത്.

ഇന്നലെ വൈകിട്ട് തിരുവമ്പാടി ജങ്ഷന് സമീപത്ത് വെച്ചായിരുന്നു അപകടമുണ്ടായത്. പുന്നപ്ര സഹകരണ എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിനിയാണ് ദേവി കൃഷ്ണ. കോളേജ് വിട്ട് വീട്ടിലേക്ക് പോകുമ്പോഴാണ് ബസിൽ നിന്ന് തെറിച്ചു വീണത്. തെറിച്ച് വീണ പെൺകുട്ടിയുടെ തല സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു. തുടർന്ന് ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിയക്കുകയും വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

ബസ് സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെയാണ് അപടക്കമുണ്ടായത്. പെൺകുട്ടി ഇറങ്ങും മുൻപ് ബസ് മുന്നോട്ട് എടുത്തതാണ് അപകടകാരണമെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. അപകടം ഉണ്ടായിട്ടും ബസ് നിർത്തിയില്ലെന്നും പിറകെ വന്ന കാറിലാണ് പെൺ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതെന്നും ആരോപണമുണ്ട്. അൽ അമീൻ ബസ് സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Tags:    

Similar News