ആത്മഹത്യ ചെയ്യാൻ വിളിച്ചു വരുത്തി; കഴുത്തിൽ കുരുക്കിട്ടതിന് പിന്നാലെ സ്റ്റൂൾ തട്ടി മാറ്റി പെൺസുഹൃത്തിനെ കൊലപ്പെടുത്തി; യുവാവ് പിടിയിൽ
കോഴിക്കോട്: എലത്തൂരിൽ പെൺസുഹൃത്തിനെ യുവാവ് കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കേസിൽ യുവാവ് പോലീസ് കസ്റ്റഡിയിലാണ്. യുവതിയുടെ മരണം ആദ്യം ആത്മഹത്യയാണെന്ന് കരുതിയെങ്കിലും, പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. സുഹൃത്ത് വൈശാഖനാണ് കേസിൽ പ്രതി.
ആത്മഹത്യ ചെയ്യാനായി ഇരുവരും ഒരുമിച്ച് കഴുത്തിൽ കുരുക്കിട്ട ശേഷം വൈശാഖൻ യുവതിയുടെ സ്റ്റൂൾ തട്ടിമാറ്റുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തൽ. വൈശാഖന്റെ വ്യവസായ സ്ഥാപനത്തിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടന്നയുടൻ ഇത് ആത്മഹത്യയാണെന്നാണ് പ്രാഥമികമായി വിലയിരുത്തിയിരുന്നത്. എന്നാൽ, സംശയം തോന്നിയ പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഇതോടെ വൈശാഖനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.