സഹോദരിയെ അസഭ്യം പറഞ്ഞതിനെ തുടർന്നുണ്ടായ തർക്കം; ജ്യേഷ്ഠൻ അനുജനെ വെട്ടിക്കൊന്നു; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: സഹോദരിയെ അസഭ്യം പറഞ്ഞതിനെ തുടർന്നുണ്ടായ തർക്കത്തിൽ ജ്യേഷ്ഠൻ അനുജനെ വെട്ടിക്കൊന്നു. ഇന്നലെ രാത്രി ഒമ്പതരയോടെ ആയിരുന്നു സംഭവം. ചിറയിൻകീഴ് പെരുങ്ങുഴി കുഴിയം കോളനി തിട്ടയിൽ വീട്ടിൽ രവീന്ദ്രന്റെ മകൻ രതീഷാണ് (31)കൊല്ലപ്പെട്ടത്. സഹോദരിയെ രതീഷ് അസഭ്യം പറഞ്ഞതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നാണ് സൂചന. മഹേഷ് പോലീസ് കസ്റ്റഡിയിലാണ്.
കുടുംബ വീടിന് സമീപത്തായാണ് സഹോദരങ്ങൾ താമസിക്കുന്നത്. ഇരുവരും ലഹരി ഉപയോഗിച്ച് പതിവായി ബഹളമുണ്ടാക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. സഹോദരിയോട് പണം ആവശ്യപ്പെട്ട് തുടങ്ങിയ തർക്കം കൊലപാതകത്തിൽ കലാശിച്ചതായി സമീപവാസി പറഞ്ഞു. കഴുത്തിലാണ് രതീഷിന് വെട്ടേറ്റത്. തുടർന്ന് രതീഷിനെ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രതീഷിന്റെ ജ്യേഷ്ഠൻ മഹേഷിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുകയാണ്.