സംസ്ഥാന ഭാഗ്യക്കുറിക്ക് സമാന്തരമായി എഴുത്ത് ലോട്ടറി വേരു പിടിക്കുന്നു: ചൂതാട്ടത്തിന് ഇറങ്ങുന്നത് സാധാരണ തൊഴിലാളികളും ദിവസ വേതനക്കാരും

സംസ്ഥാന ഭാഗ്യക്കുറിക്ക് സമാന്തരമായി എഴുത്ത് ലോട്ടറി വേരു പിടിക്കുന്നു

Update: 2024-09-28 12:25 GMT

ഇടുക്കി: സംസ്ഥാന ഭാഗ്യക്കുറിക്ക് സമാന്തരമായി എഴുത്ത് ലോട്ടറി സംസ്ഥാനത്ത് വേരുപിടിക്കുന്നു. ഈ ചൂതാട്ടത്തില്‍ കളിക്കാനിറങ്ങുന്നത് സാധാരണ തൊഴിലാളികളും ദിവസ വേതനക്കാരും മുതല്‍ ഉയര്‍ന്ന ഉദ്യോഗമുള്ളവര്‍ വരെയാണ്. സംസ്ഥാന ഭാഗ്യക്കുറിയുടെ അതതു ദിവസത്തെ നറുക്കെടുപ്പില്‍ സമ്മാനം ലഭിക്കുന്ന ടിക്കറ്റിന്റെ അവസാന മൂന്നുനമ്പരുകള്‍ മുന്‍കൂട്ടിയെഴുതി പണം കൊയ്യുന്നതാണ് എഴുത്ത് ലോട്ടറി. ഒരു തവണ മൂന്നക്ക നമ്പര്‍ എഴുതാന്‍ 20 രൂപയാണ് ഈടാക്കുന്നത്. ചിലയിടങ്ങളില്‍ ഈ തുക പിന്നെയും ഉയരും. ഒരേ നമ്പര്‍ തന്നെ ചുരുങ്ങിയത് ഒരാള്‍ക്ക് 100 എണ്ണം വരെ എഴുതാം എന്നതിലൂടെ സമാന്തര ലോട്ടറിയിലൂടെ പ്രതിദിനം മറിയുന്നത് ലക്ഷങ്ങളാണ്.

എഴുതിയ നമ്പറുകള്‍ ഒത്തുവന്നാല്‍ എഴുതിയ എണ്ണത്തിന് അനുസരിച്ച് 6000 രൂപ സമ്മാന തുക ലഭിക്കും. ഭാഗ്യക്കുറി വകുപ്പിന്റെ അടിത്തറ ഇളക്കുന്ന വിധത്തിലാണ് സമാന്തര എഴുത്ത് ലോട്ടറി മാഫിയ പ്രവര്‍ത്തിക്കുന്നത്.ഇത്തരം സംഘങ്ങള്‍ വ്യാപകമായതോടെ ലോട്ടറിയുടെ വില്‍പ്പന ഗണ്യമായ രീതിയില്‍ കുറഞ്ഞുവെന്നാണ് ഔദ്യോഗിക ഏജന്‍സികളും കച്ചവടക്കാരും വ്യക്തമാക്കുന്നത്.

മുമ്പ് ആയിരം ടിക്കറ്റുകള്‍ വിറ്റിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഇതിന്റെ കാല്‍ഭാഗം ടിക്കറ്റ് പോലും വിറ്റു പോവുന്നില്ലെന്നും ഏജന്റുമാര്‍ പറയുന്നു. അന്യസംസ്ഥാന ലോട്ടറിയെ തുരത്തിയപ്പോള്‍ മറ്റൊരു രൂപത്തില്‍ കണക്കുകളില്ലാത്ത കോടികളിറങ്ങുകയാണ് ലോട്ടറിയില്‍.ടിക്കറ്റും രേഖകളുമില്ലാത്ത രഹസ്യവില്പന. സമ്മാനമെന്ന പേരില്‍ കള്ളപ്പണവും കള്ളനോട്ടും ഇറങ്ങുന്ന വന്‍വിപണിയാണ് ഇത്. വന്‍തോക്കുകള്‍ നിയന്ത്രിക്കുന്ന എഴുത്തു ലോട്ടറി ചൂതാട്ടം നിരോധിച്ച അന്യസംസ്ഥാന ലോട്ടറിയെപ്പോലെ തന്നെ സംസ്ഥാന ലോട്ടറി തകര്‍ക്കുകയാണ്.

Tags:    

Similar News