തീആളിക്കത്തിയതും അവിടെ പാർക്ക് ചെയ്തിരുന്ന ഭാരത് ബെൻസിന്റെ നാല് ടോറസ് ലോറികൾ തീഗോളമായി; സംഭവം വെമ്പായത്തെ അടഞ്ഞുകിടന്ന പാറക്വാറിയിൽ

Update: 2026-02-20 12:25 GMT

വെഞ്ഞാറമൂട്: വെമ്പായത്ത് അടഞ്ഞുകിടന്ന പാറക്വാറിയിലുണ്ടായ വൻ തീപിടിത്തത്തിൽ നാല് ടോറസ് ലോറികൾ കത്തിനശിച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ ചീരാണിക്കര കറ്റയിലുള്ള കവനന്റ് സ്റ്റോൺസ് എന്ന സ്ഥാപനത്തിന്റെ വളപ്പിലാണ് സംഭവം.

കവനന്റ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഈ ക്വാറി 2019 മുതൽ അടഞ്ഞുകിടക്കുകയാണ്. ക്വാറി വളപ്പ് കാടുകയറിയ നിലയിലായിരുന്നതിനാൽ നിമിഷങ്ങൾക്കകം തീ ആളിപ്പടർന്ന് കുറ്റിക്കാടുകൾ പൂർണമായി നശിക്കുകയായിരുന്നു. തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് നെടുമങ്ങാട്, വെഞ്ഞാറമൂട് എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കി.

വളപ്പിൽ നിർത്തിയിട്ടിരുന്ന വിലയേറിയ പൊക്ലൈൻ ഉൾപ്പെടെ പത്തോളം വാഹനങ്ങളെ അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടൽ കാരണം അഗ്നിബാധയിൽ നിന്ന് രക്ഷിക്കാൻ കഴിഞ്ഞു. ക്വാറി വളപ്പിന് പുറത്ത് ആരോ ചവറുകൂനക്ക് തീയിട്ടതിൽ നിന്ന് തീപ്പൊരി കാറ്റിൽ പറന്ന് ക്വാറി വളപ്പിൽ വീഴുകയായിരുന്നു തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷാസേനയുടെ കൃത്യമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കി കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകുന്നത് തടഞ്ഞത്.

Tags:    

Similar News