ഹൈ സ്പിരിറ്റ്‌സ്: ബെവ്‌കോയുടെ ആദ്യ പ്രീമിയം ഔട്ട്ലെറ്റ് കൊച്ചി മെട്രോയില്‍
വൈറ്റില മെട്രോ സ്റ്റേഷനില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള മദ്യവില്‍പ്പനശാല കൊച്ചി മെട്രോ എംഡി ലോക്‌നാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്തു. മെട്രോ സ്റ്റേഷനില്‍ ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് യാത്രക്കാര്‍ക്കും മദ്യം വാങ്ങാനെത്തുന്നവര്‍ക്കും മികച്ച അനുഭവം നല്‍കുന്നതിനായിട്ടാണ് 'ഹൈ സ്പിരിറ്റ്‌സ് എ ബെവ്‌കോ' രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആദ്യ വില്പനയില്‍ എക്‌സൈസ് കമ്മീഷണര്‍ എം.ആര്‍. അജിത് കുമാര്‍ ആദ്യ കുപ്പി ഏറ്റുവാങ്ങി.
പ്രീമിയം ബ്രാന്‍ഡുകള്‍ ആഗ്രഹിക്കുന്നവര്‍ക്കായി വിപുലമായ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഏകദേശം 7000 കെയ്സ് മദ്യം ഔട്ട്ലെറ്റില്‍ ലഭ്യമാണ്. മദ്യക്കുപ്പികളുമായി മെട്രോയില്‍ യാത്ര ചെയ്യാം. പക്ഷേ ഔട്ട്ലെറ്റ് മെട്രോ സ്റ്റേഷനിലാണെങ്കിലും യാത്രക്കാര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്: സീല്‍ പൊട്ടിക്കാത്ത മദ്യക്കുപ്പികള്‍ മാത്രമേ മെട്രോയില്‍ കൊണ്ടുപോകാന്‍ അനുവദിക്കൂ. സ്റ്റേഷന്‍ പരിസരത്തോ മെട്രോയിലോ മദ്യപാനം അനുവദനീയമല്ല.
വൈറ്റില, വടക്കേകോട്ട മെട്രോ സ്റ്റേഷനുകളില്‍ ഔട്ട്ലെറ്റുകള്‍ തുടങ്ങാന്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് കരാറായത്. വരുമാന വര്‍ദ്ധനവിനൊപ്പം യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങള്‍ നല്‍കുക കൂടിയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.